ഹുർമുസ് കടലിടുക്കിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ നാവികരെ നിയോഗിക്കരുതെന്ന് കപ്പലുടമകൾക്ക് നിർദേശം
ഷീബ വിജയൻ
ന്യൂഡൽഹി: ഇറാൻ-അമേരിക്ക സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ പുതുതായി നിയമിക്കരുതെന്ന് കപ്പൽ ഉടമകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിറ്റൈം അഡ്മിനിസ്ട്രേഷൻ (ഡി.ജി.എം.എ) കർശന നിർദേശം നൽകി. കപ്പൽ ഉടമകൾ, കപ്പൽ മാനേജ്മെന്റ് കമ്പനികൾ, റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്‌മെന്റ് സർവീസ് ലൈസൻസ് കമ്പനികൾ എന്നിവർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിയന്ത്രണം ബാധകമായിരിക്കും. ഗൾഫ് മേഖലയിലെ സുരക്ഷാ ഭീഷണി വർധിച്ചതും വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ കൂടിയതുമാണ് ഈ മുൻകരുതൽ നടപടിക്ക് കാരണം. ഇന്ത്യൻ ജീവനക്കാരെ യാതൊരു കാരണവശാലും അപകടസാധ്യതയിലേക്ക് തള്ളിവിടാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്തിടെ ദിവസങ്ങൾക്ക് മുൻപ് ഹുർമുസിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാന്റെ സമുദ്ര ഗതാഗത മാർഗങ്ങൾ യു.എസ് ഉപരോധിക്കുന്നതിന് മറുപടിയായി ഹുർമുസിൽ അനുമതിയില്ലാതെ സഞ്ചരിക്കുന്ന കപ്പലുകൾ ആക്രമിക്കുകയെന്ന നിലപാടിലാണ് ഇറാൻ. ഈ സാഹചര്യത്തിൽ പേർഷ്യൻ ഗൾഫ്, ഹുർമുസ് കടലിടുക്ക്, സമീപ സമുദ്രപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന കപ്പലുകളുടെ ക്യാപ്റ്റൻമാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഡി.ജി.എം.എ നിർദേശിച്ചു. അടിയന്തര സാഹചര്യം നേരിടുന്ന നാവികരും കപ്പലുകളും ഉടൻ തങ്ങളുടെ കമ്മ്യൂണിക്കേഷൻ സെന്ററുമായോ ഇന്ത്യൻ നാവികസേനയുടെ ഇൻഫർമേഷൻ സെന്ററുമായോ ബന്ധപ്പെടണം. പ്രധാന വ്യാപാരപാതയായ ഹുർമുസിലെ ഈ സുരക്ഷാ ഭീഷണി അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തെയും എണ്ണക്കപ്പൽ സർവീസുകളെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
gnfgfgd

