പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് സി.പി.ഐ; വഴങ്ങാതെ സി.പി.എം, ഇടതുമുന്നണിയിൽ വൻ പ്രതിസന്ധി
ഷീബ വിജയൻ
തിരുവനന്തപുരം: കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവായി സി.പി.എം നിശ്ചയിച്ചതിന് പിന്നാലെ, പദവിക്കായി അവകാശവാദമുന്നയിച്ച് സി.പി.ഐ രംഗത്തെത്തിയതോടെ ഇടതുമുന്നണിയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. സി.പി.ഐയുടെ ശക്തമായ വിയോജിപ്പ് നിലനിൽക്കുന്നതിനാൽ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സി.പി.എമ്മിന് സാധിക്കുന്നില്ല. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കരുതെന്ന തങ്ങളുടെ ആവശ്യം തള്ളിയതിൽ പരിഭവമുള്ള സി.പി.ഐക്ക് ഉപനേതൃസ്ഥാനം ഇപ്പോൾ ഒരു അഭിമാനപ്രശ്നമാണ്. മുന്നണിയിൽ തങ്ങൾക്ക് അർഹമായ പരിഗണന വേണമെന്നും 'ഒരു വാക്കും ഒരു നേതാവുമെന്ന' രീതി മാറണമെന്നും ബിനോയ് വിശ്വം പരസ്യ നിലപാടെടുത്തു. കെ. രാജന്റെ പേര് മുൻനിർത്തിയാണ് സി.പി.ഐ ഈ പദവിക്കായി സമ്മർദ്ദം ചെലുത്തുന്നത്. സീറ്റ് നില അടിസ്ഥാനമാക്കിയാണ് സി.പി.ഐ അവകാശവാദം ഉന്നയിക്കുന്നത്; 86 സീറ്റിൽ മത്സരിച്ച സി.പി.എമ്മിന് 26 എം.എൽ.എമാരെ (30.26%) മാത്രമാണ് വിജയിപ്പിക്കാനായതെങ്കിൽ, 25 സീറ്റിൽ മത്സരിച്ച സി.പി.ഐക്ക് എട്ട് എം.എൽ.എമാരുണ്ട് (32%). തർക്കം തുടരുന്നതിനാൽ നിയമസഭ സമ്മേളനം ആരംഭിച്ചിട്ടും എൽ.ഡി.എഫ് നിയമസഭ കക്ഷി യോഗം ചേരാൻ കഴിഞ്ഞിട്ടില്ല. നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള പ്രതിപക്ഷ നിലപാട് വ്യക്തമാക്കുന്ന വാർത്താസമ്മേളനം ഘടകകക്ഷി നേതാക്കളില്ലാതെ പിണറായി വിജയൻ ഒറ്റയ്ക്കാണ് നടത്തിയത്. എന്നാൽ സി.പി.ഐ ഈ ആവശ്യം മുന്നണി യോഗത്തിൽ ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
ോമേംോേോേോേ

