ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്; രാജി തടഞ്ഞ് ബഹിരാകാശ വകുപ്പിന്റെ കർശന ഉത്തരവ്


ഷീബ വിജയൻ

ബംഗളൂരു: ഗഗൻയാൻ ഉൾപ്പെടെയുള്ള ഐ.എസ്.ആർ.ഒയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങളിൽ നിന്നും ശാസ്ത്രജ്ഞർ കൂട്ടത്തോടെ രാജിവെക്കുന്ന പശ്ചാത്തലത്തിൽ കർശന നടപടികളുമായി ബഹിരാകാശ വകുപ്പ്. ജൂലൈ 14-ന് പുറത്തിറക്കിയ പുതിയ ആഭ്യന്തര ഉത്തരവ് പ്രകാരം, നിർണ്ണായക ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് പെട്ടെന്ന് ജോലിയിൽ നിന്ന് വിരമിക്കുന്നതിനോ രാജിവെക്കുന്നതിനോ ഉള്ള അനുമതി തടഞ്ഞു. മുൻപ് അതത് സെന്റർ ഡയറക്ടർമാർക്ക് ഉണ്ടായിരുന്ന ഈ അന്തിമ തീരുമാനത്തിനുള്ള അധികാരം പുതിയ ഉത്തരവോടെ ബഹിരാകാശ വകുപ്പ് എടുത്തുമാറ്റിയിരിക്കുകയാണ്. തന്ത്രപ്രധാനമായ പദ്ധതികൾ പൂർത്തിയാകുന്നത് വരെ അത്തരം അപേക്ഷകൾ സ്വീകരിക്കരുതെന്നും, അടിയന്തര സാഹചര്യങ്ങളിൽ ഡയറക്ടർമാരുടെ ശിപാർശ സഹിതം അപേക്ഷകൾ അന്തിമ തീരുമാനത്തിനായി ബഹിരാകാശ വകുപ്പിന് സമർപ്പിക്കണമെന്നുമാണ് നിർദേശം.

ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും യു.ആർ.എസ്.സി, വി.എസ്.എസ്.സി തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നായി ഏകദേശം 120ഓളം ശാസ്ത്രജ്ഞർ അടുത്തിടെ രാജിവെച്ചതായാണ് റിപ്പോർട്ടുകൾ. ഇതിൽ എൽ.വി.എം-3 പ്രോജക്ട് ഡയറക്ടർ വിക്ടർ ജോസഫ്, സ്പേഡെക്സ് പ്രോജക്ട് ഡയറക്ടർ, ചന്ദ്രയാൻ-3 ദൗത്യത്തിൽ നിർണായക പങ്ക് വഹിച്ച യുവ ശാസ്ത്രജ്ഞൻ എന്നിവർ ഉൾപ്പെട്ടത് ഐ.എസ്.ആർ.ഒയ്ക്ക് വലിയ തിരിച്ചടിയാണ്. എന്നാൽ ഇത്തരം കൊഴിഞ്ഞുപോക്കുകൾ സ്വാഭാവികമാണെന്നും പദ്ധതികൾ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ ഐ.എസ്.ആർ.ഒ സജ്ജമാണെന്നും ചെയർമാൻ വി. നാരായണൻ വ്യക്തമാക്കി. നിലവിൽ ആയിരത്തിലധികം തസ്തികകളിലേക്ക് നിയമന നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അനുഭവസമ്പന്നരായ ശാസ്ത്രജ്ഞരുടെ പെട്ടെന്നുള്ള കുറവ് ദൗത്യങ്ങളുടെ സുഗമമായ നടത്തിപ്പിന് ആശങ്കയുയർത്തുന്നുണ്ട്. ഈ പരിചയസമ്പന്നരുടെ സേവനം ഉറപ്പാക്കാനാണ് ബഹിരാകാശ വകുപ്പ് പുതിയ കടുത്ത തീരുമാനം കൈക്കൊണ്ടത്.

article-image

dfdfsdsfdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed