ആസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 15 പേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവെപ്പിലെ പ്രതികളിലൊരാൾ ഇന്ത്യക്കാരൻ


ശാരിക / ഹൈദരാബാദ്

ആസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 15 പേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവെപ്പിലെ പ്രതികളിലൊരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് തെലങ്കാന പൊലീസ് സ്ഥിരീകരിച്ചു. 27 വർഷം മുമ്പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഇയാൾക്ക് ഹൈദരാബാദിലെ കുടുംബവുമായി നാമമാത്ര ബന്ധമേ ഉണ്ടായിരുന്നുള്ളൂവെന്ന് തെലങ്കാന ഡി.ജി.പി ഓഫീസ്‌ അറിയിച്ചു.

സാജിദ് അക്രത്തെയും മകൻ നവീദ് അക്രത്തെയും തീവ്രവാദത്തിലേക്ക് നയിച്ച ഘടകങ്ങൾക്ക് ഇന്ത്യയുമായോ തെലങ്കാനയിലെ ഏതെങ്കിലും പ്രാദേശിക സ്വാധീനവുമായോ ബന്ധമില്ല. സാജിദ് അക്രം ഹൈദരാബാദിൽ ബി.കോം പൂർത്തിയാക്കി 1998 നവംബറിൽ തൊഴിൽ തേടി ആസ്‌ട്രേലിയയിലേക്ക് കുടിയേറിയതായി വാർത്താക്കുറിപ്പിൽ പറയുന്നു.

1998-ൽ രാജ്യം വിടുന്നതിന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന കാലയളവിൽ സാജിദ് അക്രമിന് യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലായിരുന്നുവെന്ന് തെലങ്കാന പൊലീസ് വ്യക്തമാക്കി. 27 വർഷത്തിനിടെ ഇയാൾ ഇന്ത്യ സന്ദർശിച്ചത് ആറ് തവണ മാത്രമാണ്. സാജിദ് അക്രത്തെ സംഭവസ്ഥലത്തുവെച്ച് ഒരാൾ ധീരമായി കീഴ്പ്പെടുത്തി വധിച്ചു. മകൻ നവീദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഭീകരരെ ചെറുത്ത യുവാവിന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് നന്ദി അറിയിച്ചു.

ബോണ്ടി ബീച്ചിൽ 15 പേരുടെ ജീവൻ ഹനിച്ച ഭീകരാക്രമണത്തെ സ്വന്തം ജീവൻ പണയം വെച്ച് ചെറുക്കാൻ ശ്രമിച്ച് പരിക്കേറ്റ അഹ്മദ് അൽ അഹ്മദിയെ ആശുപത്രിയിൽ സന്ദർശിച്ചാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. ഹനൂക്ക ആഘോഷം നടത്തിയ യഹൂദ വിശ്വാസികൾക്ക് നേരെ വെടിയുതിർത്ത അക്രമികളെ തടയുന്നതിനായി എടുത്തുചാടിയ അഹ്മദിനെ ആസ്‌ട്രേലിയയുടെ ഹീറോ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

ഏറ്റവും മോശം സമയങ്ങളിൽ, ആസ്‌ട്രേലിയക്കാരുടെ ഏറ്റവും നല്ല മുഖം നാം കാണുന്നുവെന്നും, ഓരോ ആസ്‌ട്രേലിയക്കാർക്കുവേണ്ടിയും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദികൾ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിന് സമ്മതിക്കാതെ ഞങ്ങൾ പരസ്പരം ചേർത്തുപിടിക്കുമെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

article-image

ssdfs

You might also like

  • Straight Forward

Most Viewed