കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ പവൻ താക്കൂർ ദുബായിൽ അറസ്റ്റിൽ; ഇന്ത്യയ്ക്ക് കൈമാറും


ഷീബ വിജയ൯

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ പവൻ താക്കൂർ അറസ്റ്റിലായി. ഇയാളെ ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു. 2024 നവംബറിൽ ഡൽഹിയിൽ പിടികൂടിയ ഏകദേശം 2,500 കോടി രൂപ വിലമതിക്കുന്ന 82 കിലോഗ്രാം ഹൈഗ്രേഡ് കൊക്കെയ്ൻ കള്ളക്കടത്തിന്‍റെ മുഖ്യസൂത്രധാരനാണ് പവൻ താക്കൂർ. ഇന്ത്യൻ തുറമുഖം വഴി എത്തിച്ച മയക്കുമരുന്ന് ട്രക്കിലാണ് ഡൽഹിയിൽ എത്തിച്ച് വിതരണത്തിനായി ഒരു വെയർഹൗസിൽ സൂക്ഷിച്ചത്. ഈ ആഴ്ച ആദ്യം ഡൽഹിയിൽ നിന്നും പിടിച്ചെടുത്ത 282 കോടി രൂപയുടെ മെത്ത് മയക്കുമരുന്നിന് പിന്നിലെ മുഖ്യ സൂത്രധാരനും ഇയാൾ തന്നെയാണ്.

സെപ്റ്റംബറിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) താക്കൂറിനെതിരെ അന്താരാഷ്ട്ര സിൽവർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുടെ അന്വേഷണത്തിന് പുറമേ, അനധികൃത ഇറക്കുമതി-കയറ്റുമതി, ക്രിപ്‌റ്റോ ട്രാൻസ്ഫറുകൾ, വ്യാജ സാമ്പത്തിക ഇടപാടുകൾ എന്നിവയിലൂടെ താക്കൂറിന്‍റെ സംഘം 681 കോടിയിലധികം രൂപ വെളുപ്പിച്ചതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തി. നേരത്തെ, അന്വേഷണ ഏജൻസി പവൻ താക്കൂറിന്‍റെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യുകയും കള്ള പണം കൈമാറാൻ ഉപയോഗിക്കുന്ന 118 മ്യൂൾ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.

പവൻ താക്കൂറിനെതിരെ ഇ.ഡി. നിരവധി സമൻസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം ഡൽഹിയിൽ മയക്കുമരുന്ന് പിടികൂടിയതിനും ഇയാളുടെ അഞ്ച് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തതിനും പിന്നാലെ താക്കൂറും കുടുംബവും ദുബായിലേക്ക് പലായനം ചെയ്തിരുന്നു. പിന്നീട് അവിടെ നിന്നാണ് ഇയാൾ കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ ശൃംഖല കൈകാര്യം ചെയ്തിരുന്നത്. ദുബായ് ഹിൽസ് എസ്റ്റേറ്റിലെ ഒരു വില്ല ഉൾപ്പെടെ ദുബായിൽ നിരവധി സ്വത്തുക്കളും ആഡംബര കാറുകളും ഇയാൾക്ക് സ്വന്തമായുണ്ട്.

article-image

ASSADSAD

You might also like

  • Lulu Exchange
  • Straight Forward

Most Viewed