ഗൾഫിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റി; പരീക്ഷാർത്ഥികൾക്ക് പ്രത്യേക ഇളവുകൾ
ഷീബ വിജയൻ
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇസ്രായേൽ-യുഎസ് സഖ്യം ഇറാന് നേരെ നടത്തുന്ന ആക്രമണങ്ങളുടെയും ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഗൾഫ് മേഖലയിൽ മാർച്ച് അഞ്ചിന് നടക്കേണ്ടിയിരുന്ന എസ്എസ്എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷകളുമാണ് നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കും.
യുദ്ധസമാന സാഹചര്യം കാരണം ഗൾഫിലോ കേരളത്തിലോ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത വിദ്യാർത്ഥികളുടെ ആശങ്ക പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾ എത്രയും വേഗം അതത് സ്കൂൾ പ്രിൻസിപ്പൽമാർ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികൾക്ക് അനുകൂലമായ തീരുമാനം വകുപ്പ് കൈക്കൊള്ളും. കേരളത്തിൽ 3031 പരീക്ഷാ കേന്ദ്രങ്ങളിലായി 4.17 ലക്ഷം കുട്ടികളും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലായി 633 കുട്ടികളുമാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 7-ന് ആരംഭിച്ച് ഏപ്രിൽ 28-ന് പൂർത്തിയാക്കും. 2026 മെയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫലം വന്നാലുടൻ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. പ്ലസ് വൺ ക്ലാസുകൾ സമയബന്ധിതമായി ആരംഭിക്കുമെന്നും ഉപരിപഠനത്തിന് അർഹത നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സീറ്റുകൾ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം 26,000 അധ്യാപകരെ എസ്എസ്എൽസി പരീക്ഷയുടെ ഇൻവിജിലേഷൻ ജോലികൾക്കായി നിയോഗിച്ചിട്ടുണ്ട്.
uyiyyyyt


