ഇനി പുലാവ് ഇല്ല; ശബരിമലയില്‍ അന്നദാനമായി പപ്പടവും പായസവും അടക്കം കേരള സദ്യ
ഷീബ വിജയ൯
ശബരിമലയിൽ അന്നദാനമായി കേരള സദ്യ നൽകാൻ തീരുമാനിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. നാളെയോ മറ്റന്നാളോ ഇത് യാഥാർഥ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സദ്യയുടെ ഭാഗമായി പപ്പടവും പായസവും അച്ചാറും നൽകുമെന്നും ജയകുമാർ വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹം പറഞ്ഞത്, "അന്നദാനമായി പുലാവും സാമ്പാറും നൽകുന്ന വിചിത്രമായ മെനുവാണ് നിലനിന്നിരുന്നത്. ഉത്തരേന്ത്യക്കാർക്ക് ഇഷ്ടമായ പുലാവും ദക്ഷിണേന്ത്യക്കാർക്ക് ഇഷ്ടമായ സാമ്പാറും ചേർത്ത് ദേശീയ ഐക്യത്തിന്റെ പ്രതീകമായാണ് അങ്ങനെ നൽകിയിരുന്നത്. ഇത് ഭക്തജനങ്ങൾക്ക് ഹിതകരമായിരുന്നില്ല. അതുമാറ്റി കേരള സദ്യ നൽകാൻ ഇന്ന് തീരുമാനിച്ചു. പപ്പടവും പായസവും ചേർത്താണ് നൽകുക."
ഇത് ദേവസ്വം ബോർഡിന്റെ പണമല്ലെന്നും, ഭക്തജനങ്ങൾ തീർഥാടകർക്കും അയ്യപ്പന്മാർക്കും അന്നദാനം നൽകാൻ ഏൽപ്പിച്ചിരിക്കുന്ന പണമാണിതെന്നും ജയകുമാർ കൂട്ടിച്ചേർത്തു. ആ കാശ് ഏറ്റവും ഭംഗിയായി അന്നദാനം നൽകാൻ ഉപയോഗിക്കും. അയ്യപ്പന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ള പമ്പാ സദ്യ നിന്നുപോയെന്നും, പണ്ട് ഒരുപാട് പേർ സദ്യ കൊടുക്കുമായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോൾ നമ്മൾ തന്നെയാണ് ചെയ്യുന്നത്, അതുകൊണ്ട് തന്നെ അന്നദാനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താൻ ബാധ്യതയുണ്ട്. വെറൊരു ഓപ്ഷനുമില്ല. എത്രയും പെട്ടെന്ന് ഇത് നടപ്പാക്കാൻ കമ്മീഷണറോട് പറഞ്ഞിരിക്കുകയാണ്. നാളെയോ മറ്റന്നാളോ നിലവിൽ വരും. കൂടാതെ, പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തുമെന്നും കെ. ജയകുമാർ പറഞ്ഞു.
zcdxdfsdfs
