പി.വി. അൻവറിന് യു.ഡി.എഫിൽ അസോസിയേറ്റ് അംഗത്വം നൽകുന്നത് ആലോചനയിൽ: സണ്ണി ജോസഫ്
ഷീബ വിജയ൯
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിന് യു.ഡി.എഫിൽ അസോസിയേറ്റ് അംഗത്വം നൽകുന്നത് പരിഗണനയിലാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. മലപ്പുറം പ്രസ് ക്ലബിന്റെ 'മീറ്റ് ദ ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പിൽ അൻവർ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് നല്ല കാര്യമാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹത്തിന്റെ കക്ഷിയെ ഉൾപ്പെടെ കൂടുതൽ കക്ഷികളെ യു.ഡി.എഫിൽ അസോസിയേറ്റ് മെമ്പറാക്കുന്നത് ഞങ്ങൾ ആലോചിച്ചു വരികയാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് അൻവർ യു.ഡി.എഫിന്റെ ഭാഗമാകാനാണ് സാധ്യത എന്നും സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയ നേതാവായ പി.വി. അൻവറിന് നേരെ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്കെല്ലാം ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് വേണം സാമാന്യേന മനസിലാക്കാൻ. ഇത്തരം അന്വേഷണത്തെ പ്രതിരോധിക്കാൻ അദ്ദേഹത്തിനുതന്നെ ശേഷിയുണ്ട്. തെക്കൻ ജില്ലകളിൽ ലീഗിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം യു.ഡി.എഫ്. നേതൃത്വം ഇടപെട്ട് പരിഹരിച്ചിട്ടുണ്ട് എന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
SADSAADS
