ബഹ്‌റൈനിൽ യുഎസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈനിലെ യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിക്കൊണ്ട് മനാമയിലെ അമേരിക്കൻ എംബസി പുതിയ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും ഇറാന്റെ ഭാഗത്തുനിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് ഈ നടപടി.

ഇന്ന് രാവിലെ പുറത്തിറക്കിയ ഏറ്റവും പുതിയ നിർദ്ദേശമനുസരിച്ച്, മനാമയിലെ ഹോട്ടലുകൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് എംബസി മുന്നറിയിപ്പ് നൽകുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ തലസ്ഥാന നഗരത്തിലെ ഹോട്ടലുകൾ ഒഴിവാക്കാൻ യുഎസ് പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഭീകര സംഘടനകളോ അവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന വ്യക്തികളോ അമേരിക്കൻ പൗരന്മാർക്ക് നേരെ മുൻകൂട്ടി അറിയിപ്പില്ലാതെ ആക്രമണം നടത്തിയേക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും എംബസി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സ്ഫോടന ശബ്ദം കേൾക്കുകയോ സൈറണുകൾ മുഴങ്ങുകയോ ചെയ്താൽ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. കെട്ടിടങ്ങൾക്കുള്ളിൽ ഉള്ളവർ ജനലുകളോ പുറം ഭിത്തികളോ ഇല്ലാത്ത ഏറ്റവും താഴത്തെ നിലയിലേക്ക് മാറുകയും ഉൾവശത്തെ ഭിത്തികളോട് ചേർന്ന് നിൽക്കുകയും വേണം. പുറത്തുള്ളവർ എത്രയും വേഗം ബലമുള്ള ഏതെങ്കിലും കെട്ടിടത്തിൽ അഭയം പ്രാപിക്കണം. അഭയസ്ഥാനങ്ങൾ ലഭ്യമല്ലെങ്കിൽ നിലത്ത് കിടന്ന് തല സംരക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. മിസൈലുകളോ ഡ്രോണുകളോ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്താലും അവയുടെ അവശിഷ്ടങ്ങൾ വീഴുന്നത് വലിയ അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും എംബസി ഓർമ്മിപ്പിച്ചു.

പൊതുജനങ്ങൾ തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും പ്രതിഷേധ പ്രകടനങ്ങളിൽ നിന്നും വലിയ ജനക്കൂട്ടത്തിൽ നിന്നും വിട്ടുനിൽക്കണമെന്നും എംബസി ആവശ്യപ്പെട്ടു. പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ബഹ്‌റൈനിൽ എന്തെങ്കിലും അടിയന്തര സഹായം ആവശ്യമുള്ളവർക്ക് 999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ, സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനായി 'സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ' (STEP) രജിസ്റ്റർ ചെയ്യാനും അമേരിക്കൻ പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

article-image

fdfgg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed