മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലേ, വിട്ടുവീഴ്ച വേണമെന്ന് ജെഡിയുവിനോട് ബിജെപി; ബിഹാറിൽ ആഭ്യന്തര വകുപ്പിനായി തർക്കം
ഷീബ വിജയ൯
പറ്റ്ന: പുതിയ സർക്കാർ നാളെ ബിഹാറിൽ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ, ആഭ്യന്തര വകുപ്പിനും സ്പീക്കർ സ്ഥാനത്തിനും വേണ്ടി ബിജെപിയും ജെഡിയുവും മത്സരിച്ച് അവകാശവാദം ഉന്നയിക്കുന്നു. കൂടുതൽ സീറ്റ് കിട്ടിയിട്ടും മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകിയതിനാൽ ആഭ്യന്തര വകുപ്പിൻ്റെ കാര്യത്തിൽ ജെഡിയു വിട്ടുവീഴ്ച ചെയ്യണമെന്നാണ് ബിജെപിയുടെ നിലപാട്. അമിത് ഷായുടെ കൂടി സാന്നിധ്യത്തിൽ ഇന്ന് വൈകീട്ട് പറ്റ്നയിൽ എൻഡിഎയുടെ നിയമസഭാ കക്ഷി യോഗം ചേരും.
മുഖ്യമന്ത്രി പദത്തിൽ പത്താം ഊഴത്തിന് വീണ്ടും നിതീഷ് കുമാർ എത്തുകയാണ്. ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നാളെ രാവിലെ പതിനൊന്നരക്കാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിന് രണ്ട് ലക്ഷം പേരെങ്കിലും സാക്ഷിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിതീഷ് കുമാറിനൊപ്പം 20-ൽ അധികം പേർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
നിലവിലെ ധാരണയനുസരിച്ച് ബിജെപിക്ക് 16 വരെ മന്ത്രി സ്ഥാനങ്ങൾ കിട്ടാം, ജെഡിയുവിന് 14, എൽജെപിക്ക് മൂന്ന്, ഹിന്ദുസ്ഥാനി അവാം മോർച്ചക്കും ആർഎൽഎമ്മിനും ഒന്നു വീതം എന്നതാണ് ധാരണ. ആഭ്യന്തര വകുപ്പിനായി ബിജെപി സമ്മർദ്ദം ശക്തമാക്കുകയാണ്. കഴിഞ്ഞ തവണ കൈയിലുണ്ടായിരുന്ന വകുപ്പ് വിട്ടു നൽകാൻ ജെഡിയുവിന് താൽപര്യമില്ല. വിദ്യാഭ്യാസ വകുപ്പിലും ബിജെപി അവകാശവാദം ഉന്നയിക്കുന്നുണ്ട്. പകരം ധന, ആരോഗ്യ വകുപ്പുകൾ ജെഡിയുവിന് നൽകാമെന്നാണ് ബിജെപിയുടെ ഓഫർ.
സ്പീക്കർ കസേരക്കായും പിടിവലിയുണ്ട്. ബിജെപിയിൽ മുൻ മന്ത്രി പ്രേം കുമാറും, ജെഡിയുവിൽ വിജയ് ചൗധരിയുമാണ് പരിഗണനയിലുള്ള നേതാക്കൾ. അവസാന ഘട്ടമെത്തുമ്പോഴേക്കും രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾക്കും ബിജെപി അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഇന്ന് വൈകുന്നരം ഇരുപാർട്ടികളുടെയും യോഗങ്ങൾ പറ്റ്നയിൽ പൂർത്തിയാകുന്നതോടെ മന്ത്രിസഭയുടെ ചിത്രം തെളിയും.
dsfdsfdfsds
