123456 - നിങ്ങളുടെയും പാസ്‌വേഡ് ഇതാണോ ? ദുർബല പാസ്‌വേഡുകളുടെ പട്ടിക പുറത്ത്
ഷീബ വിജയ൯
വാഷിങ്ടൺ: മറ്റൊരാൾക്ക് ഊഹിക്കാൻ പ്രയാസമുള്ളതും എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ കഴിയാത്തതുമായ പാസ്‌വേഡുകൾ ഉപയോഗിക്കണമെന്ന് എല്ലാവർക്കുമറിയാം. എന്നിരുന്നാലും, എളുപ്പമുള്ള പാസ്‌വേഡുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷം പേരും. അടുത്തിടെ നടത്തിയ പഠനമനുസരിച്ച് 2025-ൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിച്ച ദുർബല പാസ്‌വേഡുകളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്.
'qwerty', '123456', 'admin', 'password' എന്നിവയാണ് ഈ വർഷം ലോകത്ത് കൂടുതൽ പേർ ഉപയോഗിച്ച പാസ്‌വേഡുകൾ. '123456' എന്ന പാസ്‌വേഡ് 76 ലക്ഷത്തിലധികം ആളുകൾ ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 'admin' എന്ന പാസ്‌വേഡ് 19 ലക്ഷത്തിലധികം ആളുകൾ ഉപയോഗിച്ചു.
ഇന്ത്യക്കാർ ഇപ്പോഴും വളരെ ദുർബലവും എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്ന പാസ്‌വേഡുകളെയാണ് ആശ്രയിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിൽ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് '123456' ആണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേഡുകളിൽ 'Pass@123', 'admin' എന്നിവയുമുണ്ട്. തുടർന്ന് '12345678,' '12345,' '123456789' പോലുള്ള ലളിതമായ സംഖ്യാ ശ്രേണികൾ പാസ്‌വേഡാക്കുന്നുണ്ട്. 'Admin@123,' 'Password@123,' 'Abcd@1234' പോലുള്ള, ചിഹ്നങ്ങളോ വലിയ അക്ഷരങ്ങളോ ചേർത്തിട്ടുണ്ടെങ്കിലും ഊഹിക്കാൻ എളുപ്പമുള്ള കോമ്പിനേഷനുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 100 പാസ്‌വേഡുകളുടെ പട്ടികയിൽ 'India@123' 53-ാം സ്ഥാനത്താണ്.
ഹാക്ക് ചെയ്യപ്പെട്ട 2 ബില്യണിലധികം അക്കൗണ്ടുകൾ ഗവേഷകർ പരിശോധിച്ചു. ചെറുപ്പക്കാർ കൂടുതൽ വ്യത്യസ്തമായ പാസ്‌വേഡ് ഉപയോഗിക്കുന്നുവെന്ന ധാരണ തെറ്റാണെന്നും പഠനം പറയുന്നു. 18 വയസ്സുള്ളവർക്കിടയിൽ ഏറ്റവും പ്രചാരമുള്ള പാസ്‌വേഡുകൾ 80 വയസ്സുള്ളവർ ഉപയോഗിക്കുന്നവയുമായി വളരെ സാമ്യമുള്ളതായി കാണപ്പെട്ടു.
assasasa
