ഇന്ത്യയുടെ ദേശീയപാതകൾ യൂറോപ്യൻ മാതൃക സ്വീകരിച്ച് സ്മാർട്ടാകുന്നു

ശാരിക
ന്യൂഡൽഹി l ദേശീയപാതകളിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനും പദ്ധതികളിലെ സുതാര്യത വർധിപ്പിക്കുന്നതിനുമായി രാജ്യത്തെ ദേശീയപാതകളിലുടനീളം യൂറോപ്യൻ മാതൃകയിൽ ക്യൂ.ആർ കോഡുള്ള പ്രോജക്ട് ഇൻഫർമേഷൻ സൈൻ ബോർഡുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട എമർജൻസി നമ്‌പരും ഇതിനൊപ്പമുണ്ടാകും.
യാത്രക്കാർക്ക് ബോർഡിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. അത്യാവശ്യം വേണ്ട 20ലധികം വിവരങ്ങളാണ് ഈ ബോർഡുകളിലുണ്ടാവുക. ദേശീയപാതയുടെ നമ്‌പർ, ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കും, റോഡിന്റെ നീളം നിർമാണ/അറ്റകുറ്റപ്പണി കാലാവധി, ഹൈവേ പട്രോൾ കോൺടാക്ട് നമ്‌പർ, ടോൾ മാനേജർ പ്രൊജക്ട് മാനേജർ, എമർജൻസി ഹെൽപ്പ് ലൈൻ 1033 തുടങ്ങിയ വിവരങ്ങൾ ഈ ബോർഡിലുണ്ടാകും. കൂടാതെ പാതക്ക് സമീപത്തുള്ള ആശുപത്രികൾ, പെട്രോൾ പമ്പ്, ശൗചാലയങ്ങൾ, പൊലീസ് സ്‌റ്റേഷൻ, റെസ്‌റ്റോറൻ്റുകൾ, ടോൾ പ്ലാസയിലേക്കുള്ള ദൂരം, ട്രക്കുകൾക്കുള്ള വിശ്രമസ്ഥലം, പഞ്ചർ റിപ്പയർ കട, വാഹന സർവീസ് സ്‌റ്റേഷൻ, ഇ.വി ചാർജിംഗ് സ്റ്റേഷൻ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ അറിയാൻ കഴിയും.
യാത്രക്കാരുടെ സൗകര്യത്തിനായി വിശ്രമ സ്ഥലങ്ങൾ, ടോൾ പ്ലാസ, ട്രക്കുകൾക്ക് വിശ്രമിക്കാനുള്ള സ്ഥലം, ഹൈവേ തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കും. യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. ദേശീയപാതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. 10 വർഷത്തേക്കാണ് ഇത്തരം ബോർഡുകൾ സ്ഥാപിക്കേണ്ടത്. എന്തെങ്കിലും കാരണവശാൽ ബോർഡിന് കേടുപാടുണ്ടായാൽ 30 ദിവസത്തിനകം മാറ്റിസ്ഥാപിക്കണം.
രാജ്യത്തെ ദേശീയപാതകളിൽ കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിൽ പാർലമെന്ററി സമിതി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് മാറ്റം. വിദേശരാജ്യങ്ങളിലെ റോഡുകളിൽ നടപ്പിലാക്കുന്ന നല്ല മാതൃകകൾ റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര റോഡ് ഫെഡറേഷനോട് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
fdgg