സുബീൻ ഗാർഗിന്‍റെ മരണം; ബാൻഡ്മേറ്റും ഗായികയും അറസ്റ്റിൽ

ഷീബ വിജയൻ
ഗോഹട്ടി I ഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ രണ്ടുപേരെ കൂടി ആസാം പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. സുബീൻ ഗാർഗിന്‍റെ ബാൻഡ്മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രവ മഹന്ത എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ മരണവുമായി ബന്ധപ്പെട്ടത് ആകെ അറസ്റ്റിലായവർ നാലായി. അതേസമയം സുബീൻ മരിച്ചത് സ്കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നും റിപ്പോർട്ടുകൾ. സെന്‍റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നെന്ന് സിംഗപ്പൂർ മാധ്യമം റിപ്പോർട്ട് ചെയ്തു.
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂർ എത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19നാണു മരിച്ചത്. അന്ന് യാനത്തിൽ നടന്ന പാർട്ടിയിൽ സുബീൻ ഗാർഗിനൊപ്പം ഇപ്പോൾ അറസ്റ്റിലായ രണ്ടുപേരും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സുബീൻ ഗാർഗ് കടലിൽ നീന്തുമ്പോൾ ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം മഹന്തയുടെ ഫോണിൽ റിക്കാർഡ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. ഗോസ്വാമിയെയും മഹന്തയെയും ആറു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റു ചെയ്തത്.
GFGF