രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചു; ഡോക്ടർ അബോധാവസ്ഥയിൽ


ഷീബ വിജയൻ 

ജയ്പുർ I രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു. പത്തോളം പേർ ചികിത്സയിൽ. രാജസ്ഥാനിലെ സികാർ ജില്ലയിൽ നിന്നുള്ള നിതീഷ് (അഞ്ച്), സാമ്രാട്ട് ജാദവ് (രണ്ട്) എന്നിവരാണ് ചുമ മരുന്ന് കഴിച്ചതിനു പിന്നാലെ മരിച്ചത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോക്ടറായ താരാചന്ദ് യോഗിയാണ് മരുന്ന് കുറിച്ചത്. മരുന്ന് സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താനായി ഒരു ഡോസ് കഴിച്ച ഡോക്ടറെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു.

തിങ്കളാഴ്ചയാണ് നിതീഷ് മരിച്ചത്. ഡെക്സ്ട്രോമെതോർഫൻ ഹൈഡ്രോബ്രൊമൈഡ് എന്ന സംയുക്തം അടങ്ങിയ ചുമ മരുന്ന് കഴിച്ചാണ് കുട്ടിക്ക് നൽകിയത്. മരുന്ന് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണം സംഭവിച്ചു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശനങ്ങളൊന്നുമില്ലായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. നിതീഷിന്‍റെ മരണവാർത്ത പുറത്തുവന്നതോടെ സമാന രീതിയിലാണ് തങ്ങളുടെ കുട്ടി മരണപ്പെട്ടതെന്നു ചൂണ്ടിക്കാട്ടി സാമ്രാട്ട് ജാദവ് എന്ന രണ്ട് വയസുകാരന്‍റെ കുടുംബാംഗങ്ങളും രംഗത്തെത്തി. ഏതാനും ആഴ്ചകൾക്കു മുൻപാണ് ഈ കുട്ടി മരണപ്പെട്ടത്. മരുന്ന് കഴിച്ച് തങ്ങളുടെ കുട്ടികളുടെ ആരോഗ്യം മോശമായെന്ന ആരോപണവുമായി ഏതാനും ചില മാതാപിതാക്കളും രംഗത്തു വന്നു. ഇതോടെ മരുന്നിന് പ്രശ്നമില്ലെന്നു തെളിയിക്കാനായി ഡോ.താരാചന്ദ് യോഗി മരുന്ന് കുടിച്ചു. പിന്നാലെ കാറോടിച്ചു പോയ ഡോക്ടർക്ക് അസ്വസ്ഥത തോന്നി. ഫോണിൽ വിളിച്ച് കിട്ടാതെ വന്നതോടെ അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കിപ്പുറം കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികളെയാണ് രാജസ്ഥാനിൽ സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുമ മരുന്നിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ രാജസ്ഥാൻ സർക്കാർ പ്രസ്തുത സിറപ്പിന്‍റെ 22 ബാച്ചുകൾ വിലക്കുകയും മരുന്നിന്‍റെ വിതരണം മരവിപ്പിക്കുകയും ചെയ്തു.ശ്വാസതടസത്തിനും അമിതക്ഷീണത്തിനും കാരണമായ ചുമ മരുന്നിന്‍റെ വിതരണം വിലക്കിയെന്ന് ബൻസ്വാരയിലെ മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ ഡോ. പ്രദ്യുമൻ ജെയ്ൻ എൻഡി ടിവിയോട് പറഞ്ഞു.

article-image

Sasdadsadsads

You might also like

Most Viewed