മനുഷ്യക്കടത്ത് കേസ്: ഏഷ്യൻ സ്വദേശിനിക്ക് ബഹ്റൈനിൽ അഞ്ച് വർഷം തടവും പിഴയും


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ മനുഷ്യക്കടത്ത് കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഏഷ്യൻ സ്വദേശിനിയായ യുവതിയെ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.

തടവ് ശിക്ഷയ്ക്ക് പുറമെ 3,000 ബഹ്റൈനി ദിനാർ പിഴയൊടുക്കാനും, ഇരയായ യുവതിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള യാത്രാച്ചെലവുകൾ പ്രതി വഹിക്കണമെന്നും വിധിയിൽ പറയുന്നു. ബഹ്റൈനിൽ നല്ല ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി ഇരയെ വിദേശത്ത് നിന്ന് എത്തിച്ചത്. എന്നാൽ രാജ്യത്ത് എത്തിയ ഉടൻ യുവതിയെ ഒരു അപ്പാർട്ട്മെന്റിൽ പൂട്ടിയിടുകയും, ഭീഷണിപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയുമായിരുന്നുവെന്ന് ഹ്യൂമൻ ട്രാഫിക്കിങ് പ്രൊസിക്യൂഷൻ ഡെപ്യൂട്ടി ചീഫ് പ്രൊസിക്യൂട്ടർ വ്യക്തമാക്കി.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടറേറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രക്ഷപ്പെടുത്തിയ ഇരയ്ക്ക് നാഷണൽ കമ്മിറ്റി ടു കോംബാറ്റ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ കീഴിലുള്ള അഭയകേന്ദ്രത്തിൽ ആവശ്യമായ സംരക്ഷണവും പിന്തുണയും നൽകിയതായി അധികൃതർ അറിയിച്ചു.

article-image

fsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed