ബഹ്റൈൻ അൽ മന്നാഇ സെന്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇസ്ലാഹി പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം പ്രവർത്തകർക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച പ്രവർത്തക സംഗമം ശ്രദ്ധേയമായി. വൈവിധ്യമാർന്ന വിഷയങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പരിപാടി ജനശ്രദ്ധയാകർഷിച്ചു. അൽ മന്നാഇ സെന്റർ പ്രസിഡന്റ് ഹംസ കെ. ഹമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം ആശംസിച്ചു.

തുടർന്ന് നടന്ന വിവിധ സെഷനുകളിൽ പ്രമുഖ പണ്ഡിതന്മാർ സംസാരിച്ചു. "അജയ്യം ഈ ആദർശം" എന്ന വിഷയത്തിൽ സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമിയും, "കനൽ പഥങ്ങൾ താണ്ടിയ സംഘടനാ യാത്ര" എന്ന വിഷയത്തിൽ വസീം അഹ്മദ് അൽ ഹികമിയും, "വിളക്കുമാടങ്ങളായി മടങ്ങാം" എന്ന പ്രമേയത്തിൽ സ്വാലിഹ് അൽ ഹികമിയും പ്രഭാഷണം നടത്തി. വിമർശനങ്ങൾക്കും കടന്നാക്രമണങ്ങൾക്കും അതീതമായി സലഫീ ആദർശം നേടുന്ന വളർച്ച അതിന്റെ ആന്തരിക കരുത്തിന്റെ തെളിവാണെന്ന് പ്രഭാഷകർ ചൂണ്ടിക്കാട്ടി. ഖുർആനും തിരുസുന്നത്തും മുറുകെ പിടിച്ച് പൂർവ്വസൂരികൾ കാണിച്ചുതന്ന പാതയിലൂടെ ധീരമായി മുന്നേറണമെന്നും വരുംതലമുറയ്ക്ക് വഴികാട്ടികളാകാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

സംഗമത്തിൽ വിവിധ യൂണിറ്റ് ഭാരവാഹികളുമായി ഭാവി പരിപാടികളെക്കുറിച്ചുള്ള ചർച്ചകളും നടന്നു. ഫിനാൻസ് സെക്രട്ടറി ഹംസ അമേത്ത് സമാപന പ്രഭാഷണം നടത്തി. ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായിൽ നന്ദി രേഖപ്പെടുത്തിയതോടെ യോഗം സമാപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed