വ്യാജ സർട്ടിഫിക്കറ്റ് കേസ്: പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ബഹ്റൈൻ പ്രൊസിക്യൂഷൻ
പ്രദീപ് പുറവങ്കര
മനാമ: പണം വാങ്ങി വ്യാജ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകിയ ഇൻസ്റ്റിറ്റ്യൂട്ട് ഉടമയ്ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ നൽകണമെന്ന് ബഹ്റൈൻ സൈബർ ക്രൈം പ്രൊസിക്യൂഷൻ മേധാവി കോടതിയിൽ ആവശ്യപ്പെട്ടു. ബഹ്റൈൻ തേർഡ് മൈനർ ക്രിമിനൽ കോടതിയിലാണ് കേസിന്റെ വാദം നടക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഡിജിറ്റൽ ദൃശ്യാവിഷ്കാരത്തിലൂടെയാണ് പ്രൊസിക്യൂഷൻ കേസിന്റെ വിശദാംശങ്ങളും അന്വേഷണ കണ്ടെത്തലുകളും കോടതിയിൽ സമർപ്പിച്ചത്. യാതൊരുവിധ ഔദ്യോഗിക ലൈസൻസുമില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം പണം വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ അച്ചടിച്ചു നൽകുകയായിരുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ, ഔദ്യോഗിക മുദ്രകൾ, വ്യാജരേഖ ചമയ്ക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ, സാമ്പത്തിക രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകാൻ ആവശ്യപ്പെട്ട് വിദേശത്തുള്ള ഒരാളുമായി പ്രതി നടത്തിയ ആശയവിനിമയത്തിന്റെ രേഖകളും ഇതിൽ ഉൾപ്പെടുന്നു.
ഈ തട്ടിപ്പ് കേവലം വ്യാജരേഖ ചമയ്ക്കലോ വഞ്ചനയോ മാത്രമല്ല, മറിച്ച് രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്കും സമഗ്രതയ്ക്കും മേൽ നടത്തിയ കടന്നുകയറ്റമാണെന്ന് പ്രൊസിക്യൂഷൻ മേധാവി കോടതിയിൽ വാദിച്ചു.

