കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; ദാരുണാന്ത്യം ഇരിഞ്ഞാലക്കുടയിൽ
ഷീബ വിജയൻ I കേരളം
ഇരിഞ്ഞാലക്കുട: സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മീൻവലയിൽ കുടുങ്ങി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്. വെങ്ങാനൂർ സ്വദേശികളായ പരേതനായ മണിയുടെയും (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) സുനിതയുടെയും മകനാണ്. ബാച്ചിലർ ഓഫ് പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് (ബി.പി.ഒ) ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.
വല്ലക്കുന്നിലെ ചെമ്മീൻചാലിനരികിലെ കുളത്തിൽ വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. പഠനാവശ്യാർത്ഥം സുഹൃത്തുക്കൾക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു. കുളിക്കാനിറങ്ങിയപ്പോൾ അവിചാരിതമായി ചെമ്മീൻ വലയിൽ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും നീന്തൽ വശമില്ലാത്തതിനാൽ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചു.
നാട്ടുകാർ ശ്രമിച്ചെങ്കിലും അച്ചുവിനെ രക്ഷിക്കാനായില്ല. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നിലവിൽ ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
dssdf



