പിതാവിന്റെ വഴിയെ പുതിയ പാർട്ടി; 'തെലങ്കാന രാഷ്ട്ര സേന' പ്രഖ്യാപിച്ച് കെ. കവിത


ശാരിക I ദേശീയം

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും മുൻ എം.എൽ.സിയുമായ കെ. കവിത പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'തെലങ്കാന രാഷ്ട്ര സേന' (ടി.ആർ.എസ്) എന്നാണ് പാർട്ടിയുടെ പേര്. ബി.ആർ.എസിൽ (ഭാരത് രാഷ്ട്ര സമിതി) നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് കവിതയുടെ ഈ നിർണ്ണായക നീക്കം. മേഡ്ചൽ ജില്ലയിലെ മുനീരാബാദിൽ നടന്ന കൂറ്റൻ റാലിയിൽ പാർട്ടിയുടെ പേരും പതാകയും അജണ്ടയും അവർ പുറത്തിറക്കി.

തെലങ്കാനയുടെ പ്രാദേശിക വികാരങ്ങൾക്കും സ്വത്വത്തിനും ഊന്നൽ നൽകാനാണ് പിതാവ് കെ.സി.ആർ മുമ്പ് ഉപേക്ഷിച്ച 'ടി.ആർ.എസ്' എന്ന ചുരുക്കപ്പേര് തന്നെ കവിത തിരഞ്ഞെടുത്തത്. 2022-ൽ ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ടാണ് കെ.സി.ആർ 'തെലങ്കാന രാഷ്ട്ര സമിതി'യെ 'ഭാരത് രാഷ്ട്ര സമിതി'യാക്കി മാറ്റിയത്. ഈ പേരുമാറ്റം പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ദുർബലപ്പെടുത്തിയെന്ന് കവിത ആരോപിക്കുന്നു. തെലങ്കാനയിലെ 33 ജില്ലകളിൽ നിന്നായി ഏകദേശം അൻപതിനായിരത്തോളം പ്രവർത്തകർ പങ്കെടുത്ത ചടങ്ങിലായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ബി.ആർ.എസിൽ നിന്ന് പുറത്താക്കപ്പെട്ട കവിത, 2025 സെപ്റ്റംബറിൽ ഔദ്യോഗികമായി രാജിവെച്ചിരുന്നു. ഇതോടെ പിതാവ് കെ.സി.ആർ, സഹോദരൻ കെ.ടി. രാമറാവു എന്നിവരുമായുള്ള രാഷ്ട്രീയ ബന്ധം പൂർണ്ണമായും അവസാനിച്ചു. വെള്ളം, ജോലി, വിഭവങ്ങൾ എന്നീ മുദ്രാവാക്യങ്ങളിൽ ഊന്നി യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവരുടെ ഉന്നമനമാണ് പുതിയ പാർട്ടി ലക്ഷ്യമിടുന്നത്.

തെലങ്കാന രൂപീകരണ പ്രസ്ഥാനത്തിൽ സജീവമായിരുന്ന തന്റെ 'തെലങ്കാന ജാഗൃതി' എന്ന എൻ.ജി.ഒയെ രാഷ്ട്രീയ പാർട്ടിയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കവിത പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പിതാവ് ഉപേക്ഷിച്ച രാഷ്ട്രീയ പാരമ്പര്യം തിരിച്ചുപിടിക്കാനുള്ള ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed