വനിതാ ബിൽ പരാജയം: ഭരണപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് പ്രിയങ്ക ഗാന്ധി
ഷീബ വിജയൻ
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണെന്ന് പ്രിയങ്ക ഗാന്ധി. അധികാരത്തിൽ തുടരാനുള്ള എൻഡിഎ സർക്കാരിന്റെ ഗൂഢാലോചനയ്ക്കേറ്റ തിരിച്ചടിയാണിതെന്ന് അവർ വിശേഷിപ്പിച്ചു. മണ്ഡല പുനർനിർണ്ണയത്തിലൂടെ ദക്ഷിണേന്ത്യൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചതെന്ന് പ്രിയങ്ക ആരോപിച്ചു.
വനിതകളെ മറയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും നിലവിലെ സീറ്റ് ഘടനയിൽ മാറ്റം വരുത്താതെ തന്നെ സംവരണം നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ 'രക്ഷക പരിവേഷം' തകർക്കുന്നതാണ് ഈ വോട്ടെടുപ്പ് ഫലമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.



