നവജാതശിശുവിനെ ചികിത്സ നൽകാതെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ബഹ്റൈനിലെ പ്രവാസി ദമ്പതികൾക്കും സുഹൃത്തിനും തടവുശിക്ഷ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് വൈദ്യസഹായം നൽകാതെ മരണത്തിന് വിട്ടുകൊടുക്കുകയും മൃതദേഹം രഹസ്യമായി കുഴിച്ചുമൂടുകയും ചെയ്ത കേസിൽ ഏഷ്യക്കാരായ ദമ്പതികൾക്കും സുഹൃത്തിനും ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളായ യുവതിക്കും യുവാവിനും മൂന്ന് വർഷം വീതവും, മൃതദേഹം മറവുചെയ്യാൻ സഹായിച്ച സുഹൃത്തിന് ഒരു വർഷവുമാണ് തടവ്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒന്നാം പ്രതിയായ യുവതിയും രണ്ടാം പ്രതിയായ യുവാവും 2024 മുതൽ ബഹ്‌റൈനിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. 2025 മാർച്ചിൽ യുവതി ഗർഭിണിയായെങ്കിലും വിസ കാലാവധി കഴിഞ്ഞതിനാൽ നിയമനടപടികൾ ഭയന്ന് ആശുപത്രിയിൽ പോകാൻ ഇവർ തയ്യാറായില്ല. ഓഗസ്റ്റ് 23-ന് താമസസ്ഥലത്ത് വെച്ച് യുവതി ആറാം മാസത്തിൽ കുഞ്ഞിന് ജന്മം നൽകി.
ശാസ്ത്രീയമായ വൈദ്യസഹായം ലഭിക്കേണ്ട സാഹചര്യത്തിൽ, സ്വയം പൊക്കിൾകൊടി മുറിച്ചുമാറ്റുകയും അശാസ്ത്രീയമായി നൂലുകൊണ്ട് കെട്ടുകയുമാണ് യുവതി ചെയ്തത്. കുഞ്ഞ് കരഞ്ഞുവെങ്കിലും മുലപ്പാൽ നൽകാനോ മറ്റ് പരിചരണങ്ങൾ നൽകാനോ ഇവർക്ക് സാധിച്ചില്ല. പിറ്റേന്ന് പുലർച്ചയോടെ ശ്വാസം മുട്ടി കുഞ്ഞിന്റെ നിറം മാറുകയും മരണം സംഭവിക്കുകയും ചെയ്തു. നിയമപരമായി ജനന-മരണ വിവരങ്ങൾ അധികൃതരെ അറിയിക്കാൻ ഇവർ തയ്യാറായില്ല.
കുഞ്ഞ് മരിച്ചതോടെ മൂന്നാം പ്രതിയായ സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം ആദാരി പാർക്കിന് സമീപമുള്ള പള്ളിക്ക് അടുത്തായി കുഴിച്ചുമൂടുകയായിരുന്നു. യുവതി തന്നെയാണ് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കുഞ്ഞിന്റെ ജീവനും സുരക്ഷയും ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ കാണിച്ച കുറ്റകരമായ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
അനധികൃതമായി രാജ്യത്ത് താമസിച്ചതിന് പ്രതികൾക്ക് ഒരു മാസത്തെ അധിക തടവും കോടതി വിധിച്ചിട്ടുണ്ട്. ജനനവും മരണവും റിപ്പോർട്ട് ചെയ്യാതിരിക്കുക, അധികൃതരെ അറിയിക്കാതെ മൃതദേഹം മറവുചെയ്യുക, വിസ നിയമങ്ങൾ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.



