ബിഹാറിൽ പുതിയ ചരിത്രം; മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
ശാരിക I ദേശീയം
പാറ്റ്‌ന: ബിഹാർ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക് ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാറിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി പദവിയിലെത്തുന്നത് എന്ന പ്രത്യേകതയും ഈ സ്ഥാനാരോഹണത്തിനുണ്ട്. നിതീഷ് കുമാർ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് സാമ്രാട്ട് ചൗധരി ഭരണസാരഥ്യത്തിലേക്ക് എത്തിയത്.
മുംഗറിലെ ലഖൻപുർ ഗ്രാമത്തിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് സാമ്രാട്ട് ചൗധരിയുടെ വരവ്. ആറുവട്ടം എംഎൽഎയും മുൻ എംപിയുമായിരുന്ന ശകുനി ചൗധരിയുടെയും മുൻ എംഎൽഎ പാർവതി ദേവിയുടെയും മകനായ അദ്ദേഹം മാതാപിതാക്കളുടെ പാത പിന്തുടർന്നാണ് പൊതുരംഗത്ത് സജീവമായത്. ഏകദേശം രണ്ടര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവസമ്പത്തുമായാണ് സാമ്രാട്ട് ചൗധരി ഇപ്പോൾ സംസ്ഥാനത്തിന്റെ ഭരണത്തലവനാകുന്നത്.
1999-ൽ റാബ്‌റിദേവി സർക്കാരിൽ കൃഷിമന്ത്രിയായാണ് അദ്ദേഹം ഭരണരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2000, 2010 വർഷങ്ങളിൽ നിയമസഭാംഗമായിരുന്ന അദ്ദേഹം സഭയിൽ ചീഫ് വിപ്പായും പ്രവർത്തിച്ചു. 2014-ൽ ജെഡിയുവിൽ ചേർന്ന അദ്ദേഹം ജിതൻ റാം മാഞ്ചി സർക്കാരിലും മന്ത്രിയായിരുന്നു. പിന്നീട് ബിജെപിയുടെ ഭാഗമായ ചൗധരി, 2023 മാർച്ചിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ടു. 2024-ൽ നിതീഷ് കുമാർ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ധനകാര്യം, ആരോഗ്യം, നഗരവികസനം, പഞ്ചായത്തിരാജ് തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. ഈ ഭരണ മികവാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്.




