'ഒരു സംസ്കാരം തന്നെ ഇന്ന് ഇല്ലാതാകും'; ഇറാനു കടുത്ത മുന്നറിയിപ്പുമായി ട്രംപ്
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം അത്യന്തം വഷളായിരിക്കെ, ലോകത്തെ നടുക്കുന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ഒരു സംസ്കാരം തന്നെ ഇന്ന് മരിക്കും, അത് ഇനി ഒരിക്കലും തിരിച്ചു വരില്ല" എന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി ട്രംപ് കുറിച്ചു. ഇറാൻ ഭരണകൂടം അമേരിക്കയുമായി ധാരണയിലെത്തുന്നതിൽ പരാജയപ്പെട്ടാൽ ഭയാനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ചൊവ്വാഴ്ച രാത്രി 8 മണി വരെയാണ് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ) ട്രംപ് ഇറാനു സമയം നൽകിയിരിക്കുന്നത്. "ഇത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിക്കും" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ ഭരണമാറ്റം വേണമെന്നും തീവ്രവാദ ചിന്താഗതിയില്ലാത്ത പുതിയ നേതൃത്വം വരികയാണെങ്കിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലോകചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ നിമിഷമാണിതെന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ 47 വർഷത്തെ അഴിമതിയും മരണങ്ങളും ഇന്ന് അവസാനിക്കുമെന്നും ഇറാനിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നും തന്റെ കുറിപ്പിൽ പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാൻ നടപടിക്കെതിരെ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നതായാണ് സൂചന. ലോകം മുഴുവൻ ഇപ്പോൾ ഈ അന്ത്യശാസനത്തിന്റെ സമയപരിധി ഉറ്റുനോക്കുകയാണ്.
aa




