ഉണക്കമീനിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ ലഹരിമരുന്ന് പിടികൂടി; രണ്ട് പ്രതികൾക്ക് 15 വർഷം തടവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി മാസങ്ങൾക്ക് മുമ്പ് അതിവിദഗ്ധമായി ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് ഏഷ്യൻ സ്വദേശികൾക്ക് കോടതി 15 വർഷം തടവ് വിധിച്ചു. പ്രതികൾക്ക് 10,000 ബഹ്‌റൈനി ദിനാർ വീതം പിഴ ചുമത്തുകയും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു. ഒന്നാം ഹൈ ക്രിമിനൽ അപ്പീൽ കോടതി കേസ് വീണ്ടും പരിഗണിക്കാൻ ഏപ്രിൽ 13-ലേക്ക് മാറ്റിയിട്ടുണ്ട്.
ഒരു ഏഷ്യൻ രാജ്യത്ത് നിന്നെത്തിയ പ്രതികളുടെ ബാഗുകളിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഉണക്കമീനിനും ചെമ്മീനുമിടയിൽ ആറ് സുതാര്യമായ ബാഗുകളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. എക്സ്-റേ പരിശോധനയിൽ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം അത്യന്തം സങ്കീർണ്ണമായ രീതിയിലായിരുന്നു പായ്ക്കിംഗ് എന്ന് അധികൃതർ വെളിപ്പെടുത്തി.
വിദേശത്തുനിന്നും ലഭിക്കുന്ന നിർദ്ദേശമനുസരിച്ച് ബഹ്‌റൈനിലെ ഒരു ഏജൻ്റിന് ലഹരിമരുന്ന് എത്തിച്ചു നൽകാനായിരുന്നു പ്രതികളുടെ പദ്ധതി. പകരമായി വൻതുക പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ബഹ്‌റൈനിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്ന പ്രതികൾക്ക് അജ്ഞാതനായ ഒരു സഹായിയിൽ നിന്നാണ് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്. ബാഗുകളുടെ ചിത്രങ്ങൾ അയക്കാനും പ്രത്യേക കോഡുകൾ ഉപയോഗിച്ച് ബാഗ് തുറന്ന് വിതരണത്തിന് തയ്യാറാക്കാനും ഇവർക്ക് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് ഇവരുമായുള്ള ബന്ധം വിതരണക്കാർ വിച്ഛേദിക്കുകയായിരുന്നു.
വിദേശത്തുള്ള അജ്ഞാതരായ വ്യക്തികളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു വൻ ലഹരി ശൃംഖലയിലെ കണ്ണികളാണ് പ്രതികളെന്ന് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു. പ്രതികളുടെ പക്കൽ നിന്ന് വിവിധ രാജ്യങ്ങളിലെ കറൻസികളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിൽപനയിലൂടെ ലഭിച്ച പണമാണിതെന്നാണ് സൂചന. കസ്റ്റംസ് അധികൃതരുടെ അതീവ ജാഗ്രത മൂലമാണ് അതിവിദഗ്ധമായി ആസൂത്രണം ചെയ്ത ഈ കടത്ത് ശ്രമം പരാജയപ്പെട്ടത്.
asasdasas




