ഉള്ളി ചാക്കുകളിൽ പുകയില കടത്ത്: ഏഷ്യക്കാരന് മൂന്ന് വർഷം തടവും വൻ പിഴയും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സവാള കയറ്റുമതിയുടെ മറവിൽ വൻതോതിൽ നിരോധിച്ച പുകയില ഉൽപ്പന്നങ്ങൾ (തമ്പാകു) കടത്താൻ ശ്രമിച്ച 40 വയസ്സുകാരനായ ഏഷ്യൻ സ്വദേശിക്ക് കോടതി ശിക്ഷ വിധിച്ചു. മൂന്ന് വർഷം തടവും 3,985 ദിനാർ പിഴയുമാണ് കോടതി വിധിച്ചത്. ഇതിനുപുറമെ, കസ്റ്റംസ് ഡ്യൂട്ടി ഇനത്തിലും നികുതി ഇനത്തിലുമായി 59,000 ദിനാറിലധികം തുക പിഴയായി നൽകണം. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും പിടിച്ചെടുത്ത സാധനങ്ങൾ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.
തുറമുഖത്ത് നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് തട്ടിപ്പ് പുറത്തായത്. ഏഷ്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതിയിൽ അസ്വാഭാവികത തോന്നിയ കസ്റ്റംസ് ഓഫീസർ ഷിപ്‌മെന്റ് എക്സ്-റേ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധനയിലാണ് ഉള്ളി ചാക്കുകൾക്കുള്ളിൽ പുകയില ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഏകദേശം 1,035 കിലോഗ്രാം തൂക്കം വരുന്ന 11,110 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്.
വളരെ ആസൂത്രിതമായാണ് കടത്ത് സംഘം പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഒരു കസ്റ്റംസ് ബ്രോക്കറുടെ സഹായത്തോടെ വ്യാജ രേഖകൾ ചമച്ചാണ് ഉള്ളി എന്ന പേരിൽ ചരക്ക് എത്തിച്ചത്. സ്വന്തമായി വ്യാപാര ലൈസൻസ് ഇല്ലാതിരുന്ന പ്രതി, പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മറ്റൊരു കമ്പനിയുടെ പേരിലാണ് സാധനങ്ങൾ രജിസ്റ്റർ ചെയ്തത്.
അന്താരാഷ്ട്ര സംഘങ്ങളുടെ സഹായത്തോടെ നികുതിയും കസ്റ്റംസ് ഡ്യൂട്ടിയും വെട്ടിച്ചാണ് ഈ നിയമവിരുദ്ധ ഇറക്കുമതി നടത്തിയത്. വെറുമൊരു കാർഷിക ഉൽപ്പന്നം എന്ന നിലയിൽ തുടങ്ങിയ പരിശോധന കസ്റ്റംസ് അധികൃതരുടെ ജാഗ്രത മൂലം വൻ കടത്ത് ശ്രമം പരാജയപ്പെടുത്തുന്നതിലാണ് അവസാനിച്ചത്.




