തൂത്തുക്കുടി കസ്റ്റഡി മരണം: ഒൻപത് പോലീസ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ
ശാരിക I ദേശീയം
മധുര: ഇന്ത്യയെ നടുക്കിയ തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസിൽ ഒൻപത് പോലീസ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് മധുരയിലെ പ്രത്യേക കോടതി. 2020-ൽ കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത വ്യാപാരിയായ ജയരാജിനെയും (59) മകൻ ബെനിക്സിനെയും (31) ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഈ ചരിത്രവിധി.
മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ഇരുവരും അനുവദനീയമായ സമയത്തിന് ശേഷവും കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വെച്ച് ഇരുവരും അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായെന്നും തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടുവെന്നുമാണ് കേസ്. പോലീസിൻ്റെ അധികാര ദുർവിനിയോഗത്തിന് തെളിവാണ് ഈ സംഭവമെന്നും, ഇത് 'അപൂർവ്വങ്ങളിൽ അപൂർവ്വമായ' ഗണത്തിൽപ്പെടുന്ന കേസാണെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്കും പോലീസ് ക്രൂരതയ്‌ക്കെതിരായ ജനരോഷത്തിനും ഈ സംഭവം കാരണമായിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഒൻപത് പോലീസുകാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അവർക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകാൻ ഉത്തരവിടുകയായിരുന്നു. നീതി ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം പ്രതികരിച്ചു.
bfvbcvbcv




