ശബരിമല യുവതി പ്രവേശനം: അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് കേന്ദ്രം; സുപ്രീം കോടതിയിൽ എതിർപ്പ് അറിയിച്ചു
ഷീബ വിജയൻ
ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും യുവതി പ്രവേശനം അനുവദിക്കുന്നത് ആരാധനയുടെ സ്വഭാവം മാറ്റുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. വിശ്വാസപരമായ വിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത 246 പേജുള്ള വാദമുഖങ്ങളാണ് കോടതിയിൽ സമർപ്പിച്ചത്.
ശബരിമലയിലെ യുവതി പ്രവേശനത്തിനുള്ള വിലക്ക് ഏകപക്ഷീയമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. പഞ്ചാബിൽ രജിസ്റ്റർ ചെയ്ത ഒരു സംഘടനയാണ് ഈ വിഷയത്തിൽ കോടതിയെ സമീപിച്ചതെന്നും അവർക്ക് ശബരിമലയെക്കുറിച്ച് അറിവില്ലെന്നും കേന്ദ്ര സർക്കാർ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് കേസിൽ വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രം ഈ നിലപാട് സ്വീകരിച്ചത്.
അതേസമയം, യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഈ മാസം 14, 15, 16 തീയതികളിൽ നടക്കും. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കൃത്യമായ നിലപാട് വ്യക്തമാക്കാതെയാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും ഒരു സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം.
efedwedsqwwq




