ഇറാൻ ആക്രമണത്തെ പ്രതിരോധിച്ച് ബഹ്റൈൻ; 84 മിസൈലുകളും 147 ഡ്രോണുകളും തകർത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ അക്രമണങ്ങളെ രാജ്യം ശക്തമായി പ്രതിരോധിക്കുന്നതായി ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് അറിയിച്ചു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 84 മിസൈലുകളും 147 ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തകർക്കാൻ സൈന്യത്തിന് സാധിച്ചു. ബഹ്റൈൻ സൈനികരുടെ അതീവ ജാഗ്രതയും അത്യാധുനിക പ്രതിരോധ സജ്ജീകരണങ്ങളുമാണ് വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായിച്ചത്. രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും ജനറൽ കമാൻഡ് ഉറപ്പുനൽകി.
സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നും ആക്രമണം നടന്ന സ്ഥലങ്ങളോ മിസൈൽ അവശിഷ്ടങ്ങൾ വീണ ഇടങ്ങളോ സന്ദർശിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. സംശയാസ്പദമായ വസ്തുക്കളിൽ നിന്ന് അകലം പാലിക്കണമെന്നും സൈനിക നീക്കങ്ങളോ അവശിഷ്ടങ്ങളോ ചിത്രീകരിക്കാനോ വീഡിയോ പകർത്തി പ്രചരിപ്പിക്കാനോ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്. അഭ്യൂഹങ്ങളിൽ വിശ്വസിക്കാതെ ഔദ്യോഗിക വാർത്താ മാധ്യമങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും സൈന്യം അഭ്യർത്ഥിച്ചു.
ജനവാസ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണെന്ന് സൈന്യം ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി.
aa


