രാജ്യദ്രോഹം: വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിച്ച 4 പേർ ബഹ്‌റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന് നേരെ നടന്ന ഇറാൻ ആക്രമണത്തെ അനുകൂലിച്ചും സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചും സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 4 പേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗമാണ് ഇവരെ നിരീക്ഷിച്ചു പിടികൂടിയത്.
ഇറാൻ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുക, അക്രമത്തെ അനുകൂലിച്ച് സംസാരിക്കുക, സൈനിക കേന്ദ്രങ്ങളുടെ വീഡിയോകൾ പ്രചരിപ്പിക്കുക, വ്യാജവാർത്തകൾ ചമയ്ക്കുക എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. ഇത്തരം പ്രവൃത്തികൾ രാജ്യത്തോടുള്ള വഞ്ചനയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭീതി പടർത്താനും രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇവർ സോഷ്യൽ മീഡിയ വഴി വീഡിയോകൾ പ്രചരിപ്പിച്ചത്.
പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, ഉറവിടമില്ലാത്ത വീഡിയോകളോ വാർത്തകളോ പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമനടപടികൾ ഒഴിവാക്കാനും രാജ്യത്തിന്റെ സുരക്ഷ നിലനിർത്താനും ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
aa


