സമാധാനത്തിനായി പ്രാർത്ഥനയോടെ ബഹ്റൈൻ കത്തോലിക്കാ സഭ; ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഷപ്പ് ആൽഡോ ബെറാർഡി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യങ്ങളിൽ ബഹ്‌റൈൻ ഭരണകൂടത്തോടും ജനങ്ങളോടും കത്തോലിക്കാ സഭയുടെ ഐക്യദാർഢ്യം അറിയിച്ച് നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരിയും ബഹ്‌റൈൻ ബിഷപ്പുമായ ആൽഡോ ബെറാർഡി. ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്‌റൈനിലെ മുഴുവൻ ജനങ്ങൾക്കുമായാണ് അദ്ദേഹം സന്ദേശം കൈമാറിയത്.
"സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും" എന്ന സുവിശേഷ വചനം ഉദ്ധരിച്ചുകൊണ്ടാണ് ബിഷപ്പ് തന്റെ സന്ദേശം ആരംഭിച്ചത്. യുദ്ധത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഈ കഠിനമായ കാലഘട്ടത്തിൽ പ്രത്യാശ കൈവിടരുതെന്നും സമാധാനത്തിനായി ഏവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മേഖലയിലെ വൈദികർ, സന്യാസിനികൾ, വിശ്വാസികൾ എന്നിവർ ഉൾപ്പെടുന്ന കത്തോലിക്കാ സമൂഹത്തിന് വേണ്ടിയാണ് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
വിശുദ്ധ റമദാൻ മാസവും ക്രൈസ്തവരുടെ നോമ്പുകാലവും ഒരുമിച്ച് വരുന്നത് മാനുഷികമായ ഐക്യത്തിന്റെ വലിയ അടയാളമാണെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഉപവാസം, പശ്ചാത്താപം, ദൈവത്തിലേക്കുള്ള മടക്കം എന്നീ മൂല്യങ്ങൾ വളർത്താൻ ഈ കാലയളവ് സഹായിക്കും. പ്രതിസന്ധികളിൽ ആത്മബലവും പ്രത്യാശയും നേടാൻ പ്രാർത്ഥനയും നോമ്പും സഹായകരമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും മിഡിൽ ഈസ്റ്റിലെ സമാധാനത്തിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധത്തിന്റെ ഇരകൾക്കായും ഉറ്റവർ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായും ബിഷപ്പ് പ്രത്യേകം പ്രാർത്ഥിച്ചു. രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും അതിർത്തികൾ സംരക്ഷിക്കുന്നതിനുമായി ഉത്തരവാദിത്തം നിർവ്വഹിക്കുന്ന മുഴുവൻ പേർക്കും അദ്ദേഹം നന്ദി അറിയിച്ചു. മതസൗഹാർദ്ദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉത്തമ മാതൃകയായി ബഹ്‌റൈൻ നിലകൊള്ളുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബഹ്‌റൈനെ ദൈവം കാത്തുരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.
aa


