കലയും സാഹിത്യവും സാമൂഹിക അടിത്തറയെ സമ്പന്നമാക്കും: വിനോദ് വൈശാഖി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കലയും സാഹിത്യവും നമ്മുടെ സാമൂഹിക അടിത്തറയെ സമ്പന്നമാക്കുമെന്ന് കവിയും അധ്യാപകനുമായ വിനോദ് വൈശാഖി പ്രസ്താവിച്ചു. ബഹ്‌റൈൻ പ്രതിഭയുടെ 2026-27 പ്രവർത്തനവർഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം അദിലിയയിലെ ബാംഗ് സാങ് തായ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം മിഷൻ മുൻ രജിസ്ട്രാറും വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മുൻ വൈസ് ചെയർമാനുമായ അദ്ദേഹം, നിലവിലെ സാമൂഹിക സാഹചര്യത്തിൽ സാംസ്‌കാരിക സംഘടനകളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി സംസാരിച്ചു.

ബഹ്‌റൈൻ പ്രതിഭയെപ്പോലെയുള്ള സംഘടനകൾക്ക് കലാ-കായിക-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിലൂടെ സമൂഹത്തോട് വലിയ കാര്യങ്ങൾ സംവദിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ ചിന്താലയമാക്കി മാറ്റാൻ പണ്ട് സ്വാമി വിവേകാനന്ദൻ നടത്തിയ പരിശ്രമങ്ങളെ അട്ടിമറിക്കാനും സമൂഹത്തെ വീണ്ടും ഭ്രാന്താലയമാക്കാനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് പോരാടാൻ സാംസ്‌കാരിക സംഘടനകൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അന്നവും വസ്ത്രവും മുട്ടില്ലാതെ നൽകുന്ന സർക്കാരാണ് ദൈവമെന്ന ശ്രീനാരായണ ഗുരുവിന്റെ ദൈവദശകത്തിലെ ആശയങ്ങൾ ഉദ്ധരിച്ച അദ്ദേഹം, സാംസ്‌കാരിക രാഷ്ട്രീയ വികസനമാണ് ഇന്ന് കേരളത്തിൽ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. കവിതയിലൂടെയും സാഹിത്യത്തിലൂടെയും അനീതിക്കെതിരെ പ്രതിരോധം തീർക്കാൻ പ്രതിഭയുടെ സബ് കമ്മിറ്റി വേദികൾ നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുലേഷ് വി.കെ സ്വാഗതം ആശംസിച്ചു. മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, പി. ശ്രീജിത്ത്, വനിതാ വേദി സെക്രട്ടറി സരിത മേലത്ത് എന്നിവർ ചടങ്ങിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും പരിപാടിയുടെ കൺവീനറുമായ സജീവൻ മാക്കണ്ടിയിൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. രാജീവ് കെ.പി, ധന്യ വയനാട് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. പ്രതിഭ സ്വരലയ ഗായകർ അവതരിപ്പിച്ച സംഗീതവിരുന്നും നാല് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ അണിനിരന്ന കലാപരിപാടികളും ചടങ്ങിന് പകിട്ടേകി.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed