പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി, ഇന്ത്യ സൂപ്പർ എട്ടിൽ
കൊളംബോ: പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ. ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത്. കൊളംബോയിൽ നടന്ന പോരാട്ടിൽ 61 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു.
ഇന്ത്യ ഉയർത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റണ്‍സിന് ഓൾഔട്ടായി. ആദ്യ ഓവറിൽതന്നെ പാക്കിസ്ഥാനെ പ്രഹരമേൽപ്പിച്ചുകൊണ്ട് ഷാഹിദ്സാദാ ഫർഹാനെ (0) ഹാർദിക് പാണ്ഡ്യ പവലിയൻ കയറ്റി. രണ്ടാം ഓവറിൽ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ കൂടി പിഴുതു. സയിം അയൂബ് (6), സൽമാൻ ആഘ (4) എന്നിവരെയാണ് ബുംറ മടക്കിയയച്ചത്. ഇതോടെ രണ്ട് ഓവറിൽ പാക്കിസ്ഥാൻ 13-3എന്ന നിലയിലായി.
അഞ്ചാം ഓവറിൽ അക്സർ പട്ടേൽ ബാബർ അസമിനെ (5) കൂടി മടക്കിയതോടെ പാക്കിസ്ഥാൻ സമ്മർദത്തിലായി. ഇതോടെ 34-4 എന്ന നിലയിലായി പാക് നിര. പിന്നീട് ഉസ്മാൻ ഖാൻ നടത്തിയ ഒറ്റയാൻ പോരാട്ടമാണ് പാക്കിസ്ഥാനെ വലിയ നാണക്കേടിൽനിന്നും രക്ഷിച്ചത്. ഉസ്മാൻ 34 പന്തിൽ ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 44 റണ്‍സെടുത്തു.
ഷദാബ് ഖാൻ 15 പന്തിൽ 14 റണ്‍സും ഫഹീം അഷ്റഫ് 10 റണ്‍സും നേടി. ഷഫീൻ അഫ്രീ പുറത്താകാതെ 19 പന്തിൽ 23 റണ്‍സെടുത്തു. നാല് പേർക്ക് മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞത്.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുണ്‍ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ്, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്. ഇഷാൻ കിഷാന്റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും ശിവം ദുബെയുടെയും തിലക് വർമയുടെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
ഇഷാൻ കിഷാൻ 77 റൺസാണെടുത്തത്. 40 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. നിലയുറപ്പിച്ച് കളിച്ച നായകൻ സൂര്യകുമാർ യാദവ് 32 റൺസാണെടുത്തത്. ശിവം ദുബെ 27 റൺസും തിലക് വർമ 25 റൺസും സ്കോർ ചെയ്തു.
പാക്കിസ്ഥാന് വേണ്ടി സയിം അയൂബ് മൂന്ന് വിക്കറ്റെടുത്തു. നായകൻ സൽമാൻ ആഘയും ഷഹീൻ അഫ്രീഡിയും ഉസ്മാൻ താരിഖും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
aa


