വേർപാടിലും വിസ്മയമായി ആലിൻ മോൾ; കേരളം ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കും
ഷീബ വിജയൻ
തിരുവനന്തപുരം: മരണത്തിലും അഞ്ചുപേർക്ക് പുതുജീവിതം സമ്മാനിച്ച് കേരളത്തിന്റെ നൊമ്പരമായി മാറിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് സംസ്ഥാന സർക്കാരിന്റെ ആദരം. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിനെ ഔദ്യോഗിക ബഹുമതികളോടെ നാട് യാത്രയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി ഹൃദയം തൊടുന്ന കുറിപ്പിലൂടെ പങ്കുവെച്ചു.
ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ കരൾ സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. രാത്രിയായതിനാൽ ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, പോലീസ് സേനയുടെ സഹായത്തോടെ റോഡ് മാർഗം അതിവേഗത്തിലാണ് അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചത്.
കുഞ്ഞിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാമിന്റേയും ഷെറിൻ ആൻ ജോണിന്റേയും തീരുമാനം മഹത്തരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിലുള്ള മികച്ച ഏകോപനമാണ് ഈ ഉദ്യമത്തെ സഹായിച്ചത്. തീരാനോവിനിടയിലും മാതൃകയായ ആലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ നാട് ഒന്നാകെ പങ്കുചേരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
gfghhgghjghjhjg


