ബഹ്റൈൻ ഷോർ ആംഗ്ലേഴ്സ് ഫിഷിങ് മത്സരം: വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി
പ്രദീപ് പുറവങ്കര / മനാമ
ബഹ്റൈനിലെ പ്രവാസി മലയാളികളുടെ സജീവ കൂട്ടായ്മയായ ബഹ്റൈൻ ഷോർ ആംഗ്ലേഴ്സ് (ബി.എസ്.എ) സംഘടിപ്പിച്ച സീസൺ 3 ഫിഷിങ് മത്സരത്തിലെ വിജയികളെ ആദരിച്ചു. ഹൂറ അഷ്റഫ് പാർട്ടി ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അബ്ദുറഹ്മാൻ അബ്ദുല്ല ബു അസ്സ ഉദ്ഘാടനം നിർവ്വഹിച്ചു. 45 ദിവസം നീണ്ടുനിന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
9.945 കിലോ തൂക്കമുള്ള അയക്കൂറ പിടിച്ച ലിജോ ചെമരശ്ശേരിയാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 500 ഡോളറും ഫിഷിങ് റോഡുമാണ് സമ്മാനം. ഉസ്മാൻ കൂരിയാടാൻ (രണ്ടാം സ്ഥാനം), മുഹ്സിൻ ഷൈഖ് (മൂന്നാം സ്ഥാനം), ഫൈസൽ മുഹമ്മദ് (നാലാം സ്ഥാനം) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. അബ്ദുറഹ്മാൻ ബു അസ്സ, ബിജു ആന്റണി, തോമസ് ജയ്ൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
നാസർ ടെക്സിം സ്വാഗതം ആശംസിച്ച ചടങ്ങിൽ കുട്ടികളുടെയും അംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ഫിഷിങ് മത്സരങ്ങൾക്ക് പുറമെ കടൽത്തീര ശുചീകരണം ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തനങ്ങളിലും ബി.എസ്.എ സജീവമാണ്. അഡ്മിൻമാരായ നാസർ ടെക്സിം, അഷ്റഫ് ബില്ല്യാർ, അരുൺ സേവ്യർ എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.
dfgdfg
