മുഹറഖ് കാസിനോ പാർക്ക് നവീകരണം അവസാന ഘട്ടത്തിലേക്ക്; 2026ൽ ജനങ്ങൾക്കായി തുറന്നുകൊടുക്കും
പ്രദീപ് പുറവങ്കര / മനാമ
മുഹറഖിലെ ചരിത്രപ്രസിദ്ധമായ കാസിനോ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ 60 ശതമാനം പൂർത്തിയായതായി മുനിസിപ്പാലിറ്റികാര്യ കൃഷിമന്ത്രി വഈൽ അൽ മുബാറക് അറിയിച്ചു. കഴിഞ്ഞ ദിവസം പാർക്കിലെ പുരോഗതി നേരിട്ട് വിലയിരുത്തിയ മന്ത്രി, 2026-ന്റെ ആദ്യ പകുതിയോടെ നവീകരിച്ച പാർക്ക് പൂർണ്ണമായും പൊതുജനങ്ങൾക്കായി തുറന്നുനൽകുമെന്ന് വ്യക്തമാക്കി. ബഹ്റൈനിലെ ഏറ്റവും പഴയ പൊതു പാർക്കുകളിലൊന്നായ കാസിനോ പാർക്കിനെ അത്യാധുനിക സൗകര്യങ്ങളോടെ വീണ്ടെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
23,158 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ മൾട്ടി പർപ്പസ് സ്പോർട്സ് കോർട്ട്, വ്യായാമത്തിനായുള്ള വാം-അപ്പ് സോൺ, നവീകരിച്ച വാക്കിങ് ട്രാക്കുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്കായി റബർ ഫ്ലോറിങ്ങോടുകൂടിയ സുരക്ഷിതമായ കളിസ്ഥലങ്ങളും ഉപകരണങ്ങൾ നശിപ്പിക്കപ്പെടുന്നത് തടയാൻ അത്യാധുനിക സി.സി.ടി.വി കാമറകളും ഇവിടെ സ്ഥാപിക്കും. ഹരിതവൽക്കരണത്തിന്റെ ഭാഗമായി നിലവിലുള്ള 536 മരങ്ങൾക്ക് പുറമെ 479 പുതിയ തണൽ മരങ്ങൾ കൂടി വെച്ചുപിടിപ്പിക്കും. 11,451 ചതുരശ്ര മീറ്റർ സ്ഥലത്ത് പച്ചപ്പ് വർദ്ധിപ്പിക്കുന്നതിനൊപ്പം അത്യാധുനിക ഓട്ടോമാറ്റിക് ഇറിഗേഷൻ സംവിധാനവും വാട്ടർ ടാങ്കും നിർമ്മിക്കുന്നുണ്ട്.
1960-കളുടെ അവസാനത്തിൽ ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ വിനോദകേന്ദ്രമായി സ്ഥാപിതമായ ഈ പാർക്ക് പിന്നീട് മുഹറഖിന്റെ ഹൃദയഭാഗത്തെ പ്രധാന കേന്ദ്രമായി മാറുകയായിരുന്നു. മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അഹമ്മദ് അൽ നാർ, എം.പി ഹമദ് അൽ ദോയ് എന്നിവരും മന്ത്രിയുടെ സന്ദർശന വേളയിൽ കൂടെയുണ്ടായിരുന്നു.
sfsdf
