ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 16-ന്; 101 അംഗ സംഘാടക സമിതി നിലവിൽ വന്നു


പ്രദീപ് പുറവങ്കര / മനാമ  

കലാലയം സാംസ്കാരിക വേദി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് 'നാഷനൽ പ്രവാസി സാഹിത്യോത്സവി'ന്റെ വിജയത്തിനായി നൂറ്റിയൊന്ന് അംഗങ്ങളടങ്ങുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ജനുവരി പതിനാറിന് അധാരി പാർക്കിൽ വെച്ചാണ് സാഹിത്യോത്സവ് അരങ്ങേറുന്നത്. രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) യൂണിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ നടന്ന കലാ-സാഹിത്യ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മുന്നൂറോളം പ്രതിഭകളാണ് നാഷനൽ തലത്തിൽ മാറ്റുരയ്ക്കുന്നത്. ജൂനിയർ, സെക്കൻഡറി, സീനിയർ വിഭാഗങ്ങളിലായി റിഫ, മുഹറഖ്, മനാമ സോണുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമാവുന്നത്.

മാപ്പിളപ്പാട്ട്, ഖവാലി, നശീദ, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങൾ തുടങ്ങിയ സ്റ്റേജ് മത്സരങ്ങൾക്ക് പുറമെ കവിത, കഥ, പ്രബന്ധം, ഹൈക്കു, സോഷ്യൽ ട്വീറ്റ്, കാലിഗ്രഫി, റിവ്യൂ റൈറ്റിംഗ് തുടങ്ങി എൺപതോളം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവരുടെ കലാ-സാഹിത്യ നിർമ്മാണ സിദ്ധികൾ പ്രദർശിപ്പിക്കാനായി നാഷനൽ സാഹിത്യോത്സവ് വേദിയിൽ പ്രത്യേക സംവിധാനമൊരുക്കും. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തോടെയാവും സാഹിത്യോത്സവ് സമാപിക്കുക.

ഗുദൈബിയ്യ കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുഹ്സിൻ മദനിയെ ചെയർമാനായും അബ്ദു സമദ് കാക്കടവിനെ ജനറൽ കൺവീനറായും അബ്ദുൽ ഹകീം സഖാഫി കിനാലൂരിനെ ട്രഷററായും തിരഞ്ഞെടുത്തു. റഹീം സഖാഫി വരവൂരിനെ വർക്കിങ് ചെയർമാനായും സയ്യിദ് അസ്ഹർ ബുഖാരി, ശംസുദ്ധീൻ സുഹരി, സി.കെ. അഹ്മദ് വള്ളിയാട്, ശിഹാബ് പരപ്പ, മൻസൂർ അഹ്സനി എന്നിവരെ വൈസ് ചെയർമാൻമാരായും തിരഞ്ഞെടുത്തു. നൗഷാദ് മുട്ടുംതല, ഫൈസൽ ചെറുവണ്ണൂർ, ഹാരിസ് സാമ്പിയ, മുഹമ്മദ്‌ വി.പി.കെ, അഷ്‌റഫ്‌ മങ്കര, ജാഫർ ശരീഫ് എന്നിവരാണ് ജോയിന്റ് കൺവീനർമാർ.

ആർ.എസ്.സി നാഷനൽ ചെയർമാൻ മൻസൂർ അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന യോഗം എസ്.ജെ.എം ബഹ്‌റൈൻ പ്രസിഡന്റ് മമ്മൂട്ടി മുസ്‌ലിയാർ വയനാട് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി ഉളിക്കൽ സന്ദേശ പ്രഭാഷണം നടത്തി. അബ്ദു സമദ് കാക്കടവ്, മജീദ് പൈബച്ചാൽ, സീതി ഹാജി, അബ്ദുല്ല രണ്ടത്താണി, മുഹമ്മദ് വി.പി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. അഷ്റഫ് മങ്കര സ്വാഗത സംഘം പ്രഖ്യാപനവും ജാഫർ പട്ടാമ്പി ബജറ്റ് അവതരണവും നടത്തി. ജാഫർ ശരീഫ് സ്വാഗതവും അബ്ദുസമദ് കാക്കടവ് നന്ദിയും പറഞ്ഞു.

article-image

േ്ിേി

You might also like

  • Straight Forward

Most Viewed