മനാമയ്ക്ക് വേൾഡ് ട്രാവൽ അവാർഡ്
പ്രദീപ് പുറവങ്കര / മനാമ
ആഗോള ടൂറിസം മേഖലയിലെ പരമോന്നത ബഹുമതിയായ വേൾഡ് ട്രാവൽ അവാർഡിൽ (World Travel Award) ബഹ്‌റൈൻ തലസ്ഥാനമായ മനാമയ്ക്ക് തിളക്കമാർന്ന വിജയം. മീറ്റിങ്ങുകൾ, ഇൻസെന്റീവുകൾ, കൺവെൻഷനുകൾ, എക്‌സിബിഷനുകൾ (MICE) എന്നിവ നടത്തുന്നതിലെ മികവിന് മനാമ 'വേൾഡ്‌സ് ലീഡിങ് ബിസിനസ് ട്രാവൽ ഡെസ്റ്റിനേഷൻ' ആയി തിരഞ്ഞെടുക്കപ്പെട്ടു. ബഹ്‌റൈൻ ടൂറിസം മേഖലയ്ക്ക് ഇത് അഭിമാന നിമിഷമാണ്. എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടന്ന പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 300 പ്രമുഖർ പങ്കെടുത്തു.
120 വിജയികളെ ആദരിച്ചതിൽ 110 പേർ അന്താരാഷ്ട്ര വിഭാഗത്തിൽനിന്നുള്ളവരായിരുന്നു. ചടങ്ങിൽ, എക്‌സിബിഷൻ വേൾഡ് ബഹ്‌റൈൻ നാല് സുപ്രധാന അവാർഡുകൾ നേടി: ബഹ്‌റൈനിലെ മികച്ച കൺവെൻഷൻ സെന്റർ, മിഡിൽ ഈസ്റ്റിലെയും ലോകത്തെയും മികച്ച MICE ഇവന്റ് വേദി, ലോകത്തെ മുൻനിര വിവാഹവേദി എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന് 'വിമാന വ്യവസായത്തിന് നൽകിയ മികച്ച സംഭാവനക്കുള്ള' അവാർഡും ലഭിച്ചു.
ഈ നേട്ടങ്ങൾ 2022-2026 ടൂറിസം സ്ട്രാറ്റജിയുടെ വിജയമാണെന്ന് ടൂറിസം മന്ത്രിയും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി ചെയർപേഴ്‌സണുമായ ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി അഭിപ്രായപ്പെട്ടു. പൈതൃകം, ആതിഥ്യമര്യാദ, നൂതന അടിസ്ഥാന സൗകര്യങ്ങൾ എന്നിവകൊണ്ട് ബഹ്‌റൈൻ ലോകശ്രദ്ധ ആകർഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
്ിു്ു
