കുവൈത്ത് തൊഴില്‍ വിപണിയില്‍ 60 വയസ്സിന് മുകളില്‍ 68,000 പ്രവാസി തൊഴിലാളികള്‍

കുവൈത്ത് തൊഴില്‍ വിപണിയില്‍ 60 വയസ്സിന് മുകളിലുള്ള 68,000ലധികം പ്രവാസികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. 60 വയസ്സിനു മുകളിലുള്ള 5000ത്തിലധികം പേര്‍ പൊതുമേഖലയില്‍ ജോലിചെയ്യുന്നു. ഇവരില്‍ 3643 പേര്‍ 60നും 64നും ഇടയില്‍ പ്രായമുള്ളവരാണ്, 1397 പേര്‍ 65 വയസ്സിനു മുകളിലുള്ളവരും. സ്വകാര്യ മേഖലയിലെ 63000 പേരില്‍ 36,700 പേര്‍ 60 മുതല്‍ 64 വയസ്സുവരെയുള്ളവരും 26,200 പേര്‍ 65 വയസ്സിനു മുകളിലുള്ളവരുമാണ്.
250 ദിനാര്‍ അധിക ഫീസും 500 ദിനാര്‍ ഇന്‍ഷുറന്‍സ് ഫീസും നല്‍കി ബിരുദമില്ലാത്ത 60 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ നല്‍കിയ അവസരം ഉപയോഗപ്പെടുത്തുന്നത് വളരെ കുറച്ചുപേര്‍ മാത്രമാണ്. ഇന്‍ഷുറന്‍സ് തുക 500 കുവൈത്ത് ദിനാറായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്. ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2.5 ദിനാറും ഓഫിസ് ജോലികള്‍ക്കും മറ്റുമുള്ള സര്‍വിസ് ചാര്‍ജായ ഒരു ദിനാറുമടക്കം ആകെ അടക്കേണ്ട തുക 503.5 ദീനാറും ആയിരിക്കും. 250 ദീനാർ അധിക നിരക്ക് ഇതിന് പുറമെ നല്‍കണം.
റസ്റ്റാറന്‍റ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരില്‍ അധികപേരും തൊഴിലെടുക്കുന്നത്. കുറഞ്ഞ ശബളക്കാരായ ഇത്തരക്കാര്‍ക്ക് 250 ദിനാർ വാര്‍ഷിക ഫീസ് പോലും വലിയ ഭാരമാണ്. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സിന് വേണ്ട വലിയ തുക കൂടി മുടക്കി എത്രപേര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ കഴിയുമെന്ന് കണ്ടറിയണം. തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡം ആയപ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് മടങ്ങേണ്ടിവന്നു.