സർക്കുലറിൽ ഭേദഗതി ; വാക്സിന്‍ എടുക്കാത്തവർക്കും കുവൈറ്റിലേക്ക് പ്രവേശിക്കാം

കുവൈത്തില്‍ വാക്സിന്‍ എടുക്കാത്തവരുടെ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ ഭേദഗതി വരുത്തി വ്യോമയാന വകുപ്പ്. കഴിഞ്ഞദിവസം വിമാനക്കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ 'കുവൈത്തികള്‍ക്ക് മാത്രം' എന്ന ഭാഗമാണ് 'എല്ലാ യാത്രക്കാര്‍ക്കും' എന്നാക്കി തിരുത്തിയത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഞായറാഴ്ച മുതല്‍ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, കഴിഞ്ഞദിവസം ഡി.ജി.സി.എ വിമാനക്കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വാക്സിനെടുക്കാത്ത സ്വദേശികള്‍ക്ക് മാത്രമാണ് ഈ തീരുമാനം ബാധകം എന്ന് പരാമര്‍ശിച്ചിരുന്നു. മന്ത്രിസഭ തീരുമാനത്തില്‍ ആശ്വസിച്ചിരുന്ന പ്രവാസികളെ ഏറെ നിരാശപ്പെടുത്തിയ ഈ പരാമര്‍ശം 24 മണിക്കൂറിനുള്ളില്‍ അധികൃതര്‍ തിരുത്തി. കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവരാണെങ്കില്‍ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റോ ഹോം ക്വാറന്‍റീനോ ആവശ്യമില്ല എന്നായിരുന്നു മന്ത്രിസഭ തീരുമാനം. വാക്സിന്‍ എടുക്കാത്തവര്‍ക്കും അല്ലെങ്കില്‍ കുവൈത്ത് അംഗീകരിക്കാത്ത കോവാക്സിന്‍ പോലുള്ള വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കും യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്, കുവൈത്തിലെത്തിയാല്‍ ഏഴുദിവസം ഹോം ക്വാറന്‍റീന്‍ എന്നീ വ്യവസ്ഥകളോടെ പ്രവേശനം സാധ്യമാകും.