പ്രവേശന വിലക്കുള്ള രാജ്യക്കാർക്ക് വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് കുവൈത്തിൽ പ്രവേശിക്കാം
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവേശന വിലക്കുള്ള 31 രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് രണ്ടാഴ്ച തങ്ങിയാൽ കുവൈത്തിൽ പ്രവേശിക്കാം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ അടക്കം 31 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിലവിൽ കുവൈത്തിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
ഇന്ത്യയ്ക്ക് പുറമെ ചൈന, ഈജിപ്ത്, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, ഇറാൻ, സിറിയ, സ്‍പെയിൻ, സിംഗപ്പൂർ, ബോസ്‍നിയ ആന്റ് ഹെർസെഗോവിന, ഇറാഖ് തുടങ്ങിയ 31 രാജ്യങ്ങളിലെ പൗരന്മാർക്കാണ് നിലവിൽ കുവൈത്തിൽ വിലക്കുള്ളത്. അതേസമയം ഈ രാജ്യങ്ങളിലെ പൗരന്മാർ പട്ടികയിലില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച ശേഷമാണ് രാജ്യത്ത് എത്തുന്നതെങ്കിൽ അവർക്ക് കുവൈത്തിൽ പ്രവേശിക്കാം. എന്നാൽ രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരിക്കണം. ഈ പരിശോധനാ ഫലവും വിമാനത്താവളത്തിൽ ഹാജരാക്കണം. ഇത് സംബന്ധിച്ച് നേരത്തെ പുറത്തിറക്കിയിരുന്ന 85−ാം നന്പർ സർക്കുലർ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.



