ആഗസ്റ്റ് ഒന്നു മുതൽ വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: കൊവിഡ് മൂലം നിർത്തിവച്ചിരുന്ന കൊമേഴ്സൽ വിമാന സർവ്വീസ് ആഗസ്റ്റ് ഒന്ന് മുതൽ കുവൈത്ത് പുനഃരാരംഭിക്കും. കുവൈത്ത് മന്ത്രിസഭ ഇതിന് അംഗീകാരം നൽകി. 30 ശതമാനം സർവ്വീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. കൊവിഡ് ബാധിത രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവച്ച ആദ്യ ഗൾഫ് രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്. നിലവിൽ സ്വന്തം പൗരന്മാരെ കൊണ്ടുപോകാൻ അതാത് രാജ്യങ്ങൾ ഏർപ്പെടുത്തിയ വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളുമാണ് കുവൈത്തിൽ നിന്ന് സർവ്വീസ് നടത്തുന്നത്. അതിനിടെയാണ് കൊമേഴ്ഷ്യൽ വിമാനസർവ്വീസ് പുനഃരാരംഭിക്കാൻ മന്ത്രി സഭ അനുമതി നൽകിയത്. ആഗസ്റ്റ് ഒന്നു മുതൽ മൂന്ന് ഘട്ടങ്ങളിലായി മുഴുവൻ സർവ്വീസും തുടങ്ങും.

