കുവൈത്തിന്റെ പരമാധികാരത്തിലുള്ള കൈകടത്തൽ : ഖേദപ്രകടനം നടത്തി ഫിലിപ്പീൻസ്
കുവൈത്ത് സിറ്റി : കുവൈത്തിന്റെ പരമാധികാരത്തിൽ ഇടപെട്ടതിനു ഫിലിപ്പീൻസ് ഖേദം പ്രകടിപ്പിച്ചു. ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി അലൻ പീറ്റർ സെയാറ്റാനോയാണ് ഇക്കാര്യം അറിയിച്ചത്. ഫിലിപ്പീൻസിലെ കുവൈത്ത് സ്ഥാനപതി പ്രസിഡണ്ട് റോഡീഗ്രോ ഡ്യുടേർട്ടുമായി നടത്തിയ കൂടിക്കാഴ്ചയിൽ നൽകിയ വിശദീകരണം കുവൈത്ത് അംഗീകരിച്ചതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
പരമാധികാരത്തിൽ കൈകടത്തിയതായി കുവൈത്ത് വിലയിരുത്തുന്ന വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് കുവൈത്ത് വിദേശമന്ത്രാലയത്തിനു കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വിഡിയോയിലേതുപോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന ഉറപ്പ് കുവൈത്തിനു നൽകിയിട്ടുണ്ട്.
കുവൈത്തിലെ സ്പോൺസറുടെ വീടുകളിൽനിന്ന് ഗാർഹികത്തൊഴിലാളികളെ ഫിലിപ്പീൻസ് എംബസി ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിക്കൊണ്ടുപോയതിൽ കുവൈത്ത് പ്രതിഷേധം അറിയിച്ചിരുന്നു. തൊഴിലാളികളെ രക്ഷപ്പെടുത്താൻ എംബസി സംഘത്തെ നിയോഗിച്ചതായി ഫിലിപ്പീൻസ് സ്ഥാനപതി വെളിപ്പെടുത്തിയിരുന്നു. എംബസിയുടെ ഇടപെടൽ തങ്ങളുടെ പരമാധികാരത്തിലുള്ള കൈകടത്തലാണെന്നു കുറ്റപ്പെടുത്തിയ കുവൈത്ത്, ഫിലിപ്പീൻസ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
ഫിലിപ്പീൻസ് സ്ഥാനപതിയെ പുറത്താക്കണമെന്ന് എം.പിമാർ ആവശ്യപ്പെടുകയും ചെയ്‌തു. പ്രശ്നം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന സാഹചര്യത്തിലാണ് ഫിലിപ്പീൻസ് ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചത്. ഗാർഹികത്തൊഴിലാളികൾ കുവൈത്തിൽ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണവുമായി ഫിലിപ്പീൻസ് കുവൈത്തിലേക്കു തൊഴിലാളികളെ അയയ്ക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുനൽകുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന കരാറിന് ഇരുരാജ്യങ്ങളും രൂപം നൽകിവരുന്നുണ്ട്.
