അബുദാബിയിൽ നിർമ്മാണ മേഖലകളിൽ ശക്തമായ പരിശോധന
അബുദാബി : തലസ്ഥാന എമിറേറ്റിലെ നിർമ്മാണ മേഖലകളിൽ നഗരസഭയുടെ നേതൃത്വത്തിൽ പരിശോധന ഊർജ്ജിതമാക്കി. നഗരത്തിൽ നിർമ്മാണത്തിനിടെ ക്രെയിൻ തകർന്നുണ്ടായ അപകടത്തിനു കാരണം കരാറുകാരുടെ അനാസ്ഥയാണെന്നു കണ്ടെത്തിയതോടെയാണ് പരിശോധന ശക്തമാക്കിയിരിക്കുന്നുത്. സുരക്ഷാ കാര്യങ്ങളിൽ ഗുരുതരവീഴ്ച സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തി.
അബുദാബി ടൂറിസ്റ്റ് ക്ലബ്ബിനു സമീപത്തെ നിർമ്മാണ മേഖലയിലാണ് ദിവസങ്ങൾക്കു മുന്പ് ക്രെയിൻ തകർന്നുവീണ് ഏഴുവാഹനങ്ങൾ തകർന്നത്. അപകടത്തിനു കാരണക്കാരായ കന്പനിയുടെ ജോലികൾ ഇനിയൊരു അറിയിപ്പുണ്ടാകും വരെ നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചു. ഒരുമാസത്തിനിടെ 128 വർക് സൈറ്റുകളിൽ ഉദ്യോഗസ്ഥർ പരിശോധനകൾ പൂർത്തിയാക്കി. മൂന്നുമാസത്തിനിടെ നടത്തിയ 152 പരിശോധനകളിൽ 45 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 82 കന്പനികൾക്കു താക്കീത് നൽകുകയും ചെയ്തു. നിർമ്മാണ മേഖലകളിലെ നിയമലംഘനങ്ങൾക്കു പതിനായിരം ദിർഹമാണ് പിഴ ചുമത്തുന്നതെന്ന് അബുദാബി മുനിസിപ്പാലിറ്റി പൊതു ആരോഗ്യവകുപ്പ് മേധാവി ഹുദാ സാലിമി പറഞ്ഞു.
നിർമ്മാണ മേഖലകളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ആദ്യം കന്പനിക്കു നോട്ടിസ് നൽകും. ഒരാഴ്‌ചയ്ക്കുള്ളിൽ ഇതുപരിഹരിച്ചില്ലെങ്കിൽ പിഴ ചുമത്തും.
