ഫി­ലി­പ്പീ­ൻ­സ് സ്ഥാ­നപതി­യെ­ പു­റത്താ­ക്കണമെ­ന്ന ആവശ്യവു­മാ­യി­ കു­വൈ­ത്തി­ലെ­ എം.പി­മാ­ർ


കുവൈത്ത് സിറ്റി : ഫിലിപ്പീൻസ് സ്ഥാനപതിയെ പുറത്താക്കണമെന്ന ആവശ്യവുമായി കുവൈത്തിലെ എം.പിമാർ രംഗത്ത്. വിദേശമന്ത്രാലയം രണ്ടുദിവസത്തിനിടെ രണ്ടുതവണ സ്ഥാനപതി റെനാട്ടൊ പെഡ്രോ ഒ വില്ലയെ വിളിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എം‌.പിമാരും രംഗത്തുവന്നത്. 

ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളികളെ തൊഴിലിടത്തുനിന്ന് എംബസിയുമായി ബന്ധപ്പെട്ടവർ മോചിപ്പിച്ചുകൊണ്ടുപോകാറുണ്ടെന്ന സ്ഥാനപതിയുടെ വെളിപ്പെടുത്തലാണു വിനയായത്. ഒരു വനിതയെ ഇത്തരത്തിൽ കൊണ്ടുപോകുന്ന വിഡിയോയും പുറത്തുവന്നിരുന്നു. കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ അധികാരത്തിലാണു ഫിലിപ്പീൻസ് എംബസി കൈകടത്തിയതെന്ന് എം‌.പിമാർ കുറ്റപ്പെടുത്തി. നയതന്ത്ര മര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നതിനാൽ സ്ഥാനപതിയെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകണമെന്നാണു വാദം. 

കുവൈത്തിന്റെ പരമാധികാരവും പദവിയും യശസ്സും നിസ്സാരവൽക്കരിക്കുന്ന രീതിയിലുള്ള നടപടി വിചിത്രവും അനുചിതവുമാണെന്നു പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം കുറ്റപ്പെടുത്തി. അത്തരം നീക്കങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ല. നീതീകരിക്കാനാകാത്ത സമീപനമാണു ഫിലിപ്പീൻസ് എംബസിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. വിദേശമന്ത്രാലയം അക്കാര്യത്തിൽ ഉചിതമായി പ്രതികരിക്കണം. ഫിലിപ്പീൻസ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി വിദേശകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്. 

രാജ്യാന്തര നിയമങ്ങൾ പൊതുവിലും വിയന്ന കൺ‌വൻഷൻ കരാർ പ്രത്യേകിച്ചുംലംഘിക്കുന്ന നിലപാടാണു ഫിലിപ്പീൻസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സ്പീക്കർ പറഞ്ഞു. ഫിലിപ്പീൻസ് സ്ഥാനപതിയുടെ പരാമർശം കുവൈത്തിന്റെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്നു ഡപ്യൂട്ടി സ്പീക്കർ ഈസ അൽ കന്ദരി പറഞ്ഞു. കുവൈത്തിന്റെ പരമാധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. 

രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണു സംഭവിച്ചതെന്നു ഡോ. അബ്ദുൽ കരീം അൽ കന്ദരി പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥർക്കു സ്വന്തം കാര്യാലയത്തിന്റെ പരിധിക്കകത്താണു പരിരക്ഷയുള്ളത്. അവർ തെരുവിലിറങ്ങി ആ രാജ്യത്തെ നിയമങ്ങളിൽ ഇടപെടുന്നതു നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാനപതിക്കു നയതന്ത്രച്ചട്ടങ്ങൾ അറിയാത്തതാണോ അതോ കരുതിക്കൂട്ടി നിയമലംഘനം നടത്തിയതാണോ എന്നു ഫൈസൽ അൽ കന്ദരി ചോദിച്ചു. 

ഗാർഹികത്തൊഴിലാളികളെ കൊണ്ടുപോയത് എംബസി റജിസ്ട്രേഷനുള്ള വാഹനത്തിലായതിനാൽ നടപടി സ്ഥാനപതിയുടെ അറിവോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കുവൈത്ത് പരമാധികാര രാജ്യമാണെന്ന കാര്യം മറന്നാണു ഫിലിപ്പീൻസ് സ്ഥാനപതിയുടെ നടപടിയെന്നു റിയാദ് അൽ അദ്സാനി കുറ്റപ്പെടുത്തി. തൊഴിലിടങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ച ഫിലിപ്പീൻസ് എംബസി നടപടിതന്നെ നിയമവിരുദ്ധമാണെന്ന് ആദിൽ അൽ ദംകി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed