മനാമ മുനിസിപ്പാലിറ്റി കെട്ടിടം നവീകരിച്ചു; കിരീടാവകാശി ഉദ്ഘാടനം നിർവഹിച്ചു
പ്രദീപ് പുറവങ്കര / മനാമ
ബഹ്റൈന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി നവീകരിച്ച മനാമ മുനിസിപ്പാലിറ്റി കെട്ടിടം ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. മനാമ സൂഖിന്റെ ചരിത്രപ്രാധാന്യമുള്ള മേഖലകൾ വികസിപ്പിക്കാനും രാജ്യത്തിന്റെ തനിമ നിലനിർത്താനും ബഹ്‌റൈൻ രാജാവ് നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നവീകരണ പദ്ധതി പൂർത്തിയാക്കിയത്.
ബഹ്റൈന്റെ വികസന ചരിത്രത്തിലെ സുപ്രധാന അടയാളമാണ് മനാമ മുനിസിപ്പാലിറ്റി കെട്ടിടം. 1962-ൽ പരേതനായ ഷെയ്ഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫയാണ് ഈ കെട്ടിടം ആദ്യമായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ, രാജ്യത്തിന്റെ ഭരണ-വികസന രംഗങ്ങളിൽ ഈ സ്ഥാപനം വഹിച്ച പങ്ക് വളരെ വലുതാണെന്ന് കിരീടാവകാശി ഓർമ്മിപ്പിച്ചു.
1919-ൽ ഷെയ്ഖ് ഈസ ബിൻ അലി അൽ ഖലീഫയുടെ ഭരണകാലത്താണ് മനാമ മുനിസിപ്പാലിറ്റി സ്ഥാപിതമായത്. അറേബ്യൻ ഗൾഫ് മേഖലയിലെ തന്നെ ആദ്യ മുനിസിപ്പാലിറ്റികളിലൊന്നായി ചരിത്രത്തിൽ ഇടംപിടിച്ച ഈ സ്ഥാപനം, കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ബഹ്റൈന്റെ നഗരവികസനത്തെയും പൊതുസേവന സംവിധാനങ്ങളെയും ആധുനികവൽക്കരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
തലസ്ഥാനമായ മനാമയുടെ വളർച്ചയിലും ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കുന്നതിലും ഈ സ്ഥാപനം നൽകിയ സംഭാവനകൾ അതുല്യമാണെന്നും കിരീടാവാകാശി ഉദ്ഘാടന വേളയിൽ വ്യക്തമാക്കി. മുതിർന്ന ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
cbcb
