ബഹ്‌റൈൻ ഭൂപടത്തിന് ലോക റെക്കോർഡ്; അരിമണികളാൽ വിസ്മയം തീർത്ത് കന്നഡ സംഘം
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ ദേശീയദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി കന്നഡ സംഘം ഒരുക്കിയ കൂറ്റൻ ധാന്യച്ചിത്രം ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടംനേടി. അരിമണികൾ ഉപയോഗിച്ച് ബഹ്‌റൈൻ ഭൂപടം അതിമനോഹരമായി ചിത്രീകരിച്ചാണ് സംഘം ഈ ആഗോള നേട്ടം കൈവരിച്ചത്.
റെക്കോർഡ് നേട്ടം 18 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള കൂറ്റൻ ഭൂപടം നിർമ്മിക്കാൻ ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള ഏകദേശം 350 കിലോ അരിയാണ് ഉപയോഗിച്ചത്. ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് ഏഷ്യൻ വിഭാഗം മേധാവി ഡോ. മനീഷ് കുമാർ വിഷ്ണോയ് റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും വലിയൊരു ഭൂപടം ഇത്ര കൃത്യതയോടെ തയ്യാറാക്കിയത് അത്ഭുതകരമാണെന്ന് അദ്ദേഹം പ്രശംസിച്ചു. നിർമ്മാണത്തിന് ഉപയോഗിച്ച അരിമണികൾ പ്രദർശനത്തിന് ശേഷം പാഴാക്കി കളയാതെ, ഭക്ഷണം പാഴാക്കാത്ത വിധം പുനരുപയോഗിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
രാജ്യത്തോടുള്ള സ്നേഹവും കലാപരമായ മികവും ഒത്തുചേർന്ന ഈ വേറിട്ട പ്രവർത്തനം ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക ഇടപെടലുകളുടെ ഉത്തമ ഉദാഹരണമായി മാറി.
േ്േു്
