അതിജീവതയുടെ പേര് വെളിപ്പെടുത്തി വീഡിയോ; രണ്ടാം പ്രതി മാർട്ടിനെതിരെ കേസ്
ശാരിക / കൊച്ചി
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെയുള്ള സൈബർ അധിക്ഷേപങ്ങൾക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലാണ് പൊലീസ്. അധിക്ഷേപ വീഡിയോകൾ പ്രചരിപ്പിച്ചവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനും അതിജീവിതയെ അപമാനിക്കുന്നതിനായി ആരെങ്കിലും പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ പ്രചരിപ്പിച്ച വീഡിയോയുമായി ബന്ധപ്പെട്ട് തൃശ്ശൂർ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഈ വീഡിയോ ചിത്രീകരിച്ചത് എവിടെയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെയാണെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതിജീവിതയ്‌ക്കെതിരെ വന്ന കുറിപ്പുകൾക്ക് സമാനതയുള്ളതിനാൽ ഇവയുടെ ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയവരെയും കമന്റ് ചെയ്തവരെയും പ്രതിചേർക്കാനാണ് തീരുമാനം. ഇതിനിടെ, പീഡനക്കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.
നടിയെ ആക്രമിച്ച കേസിൽ നിലവിൽ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മാർട്ടിൻ, മുൻപ് ജാമ്യത്തിലിറങ്ങിയ സമയത്താണ് അധിക്ഷേപ വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയും അധിക്ഷേപിച്ചും പുറത്തുവിട്ട ഈ വീഡിയോക്കെതിരെ നടി പരാതി നൽകിയതോടെയാണ് പൊലീസ് നടപടികൾ കർശനമാക്കിയത്. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസ് എടുക്കാനാണ് സാധ്യത.
ഡിഐജി ഹരിശങ്കറിന് നൽകിയ പരാതിക്കൊപ്പം 24 വീഡിയോ ലിങ്കുകളും അതിജീവിത കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ താൻ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് അതിജീവിത സംസാരിച്ചിരുന്നു. ഇതേത്തുടർന്ന് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നൽകിയ നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലൂടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
dssf
