മൂന്ന് ലോക റെക്കോർഡുകളുമായി ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്കിൽ; റിഫ കാമ്പസിൽ വർണ്ണാഭമായ ദേശീയ ദിനാഘോഷം
പ്രദീപ് പുറവങ്കര / മനാമ
ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി റിഫ കാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ മൂന്ന് ലോക റെക്കോർഡുകൾ സ്ഥാപിച്ച് ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ജൂനിയർ വിംഗ് ചരിത്രം കുറിച്ചു. ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച ഈ നേട്ടം സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇരട്ടി തിളക്കമേകി. ഒരു ദേശീയ പതാകയുടെ ഏറ്റവും വലിയ മനുഷ്യ ചിത്രീകരണം, ഏറ്റവും കൂടുതൽ കുട്ടികൾ ഒരേസമയം ദേശീയ പതാകയെ അഭിവാദ്യം ചെയ്യുന്നത്, ഏറ്റവും കൂടുതൽ കുട്ടികൾ മൂന്ന് ഭാഷകളിൽ ഒരുമിച്ച് ആലാപനം നടത്തുന്നത് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് സ്കൂൾ റെക്കോർഡ് സ്ഥാപിച്ചത്. ജിബിഡബ്ല്യുആർ ഏഷ്യാ ഹെഡ് ഡോ. മനീഷ് കുമാർ വിഷ്ണോയി ലോക റെക്കോർഡുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പ്രൈമറി, കിന്റർഗാർട്ടൻ വിഭാഗങ്ങളിൽ നിന്നുള്ള 3,700 വിദ്യാർത്ഥികൾ അണിനിരന്ന ദേശീയ പതാകയുടെ വിസ്മയകരമായ മനുഷ്യരൂപം ഐക്യത്തിന്റെയും രാജ്യത്തോടുള്ള ആദരവിന്റെയും പ്രതീകമായി മാറി. പരിപാടിയിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദേശീയ ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. സ്കൂൾ ഭരണസമിതി അംഗങ്ങളായ ഡോ. മുഹമ്മദ് ഫൈസൽ, രഞ്ജിനി മോഹൻ, ബോണി ജോസഫ്, മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല എന്നിവരും പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ഉൾപ്പെടെയുള്ള പ്രമുഖരും മന്ത്രാലയ ഉദ്യോഗസ്ഥരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ദേശീയ പതാക ഉയർത്തലോടെയും ദേശീയ ഗാനാലാപനത്തോടെയും ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങളും നൃത്തങ്ങളും അരങ്ങേറി. ഹെഡ് ബോയ് ഫാബിയോൺ ഫ്രാങ്കോ ഫ്രാൻസിസും ഹെഡ് ഗേൾ ലക്ഷിത രോഹിതും സമ്മേളനത്തെ അഭിസംബോധന ചെയ്തു.
sdfdsf
