'ഈദുൽ വതൻ': ബഹ്‌റൈൻ ദേശീയ ദിനത്തിൽ കെ.എം.സി.സി രക്തദാന ക്യാമ്പ് ചരിത്ര വിജയമായി
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈന്റെ 54ആമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച 'ഈദുൽ വതൻ' മെഗാ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 'അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം' എന്ന സന്ദേശവുമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന ക്യാമ്പിൽ ഇരുനൂറിലധികം പേർ രക്തം നൽകി.
ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവില 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടുനിന്ന ക്യാമ്പിൽ ഇരുപത്തിയഞ്ചിലധികം വനിതകൾ രക്തം നൽകാനെത്തിയത് സന്നദ്ധസേവന രംഗത്തെ മികച്ച മാതൃകയായി.
2009-ൽ പ്രവർത്തനം ആരംഭിച്ച കെ.എം.സി.സി രക്തദാന വിംഗിലൂടെ ഇതിനോടകം ഏഴായിരത്തിലധികം സ്വദേശികൾക്കും വിദേശികൾക്കും സഹായം എത്തിക്കാൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ രക്തം ലഭ്യമാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനം നിലവിലുണ്ട്. വരും ദിവസങ്ങളിൽ സ്വമേധയാ രക്തം നൽകാൻ ആളുകളെ പ്രേരിപ്പിക്കുന്ന വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന നേതാക്കൾ ചടങ്ങിൽ പ്രഖ്യാപിച്ചു.
ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുഖാമസ്, വടകര എം.എൽ.എ കെ.കെ. രമ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. പ്രവാസി സമൂഹത്തിന്റെ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ബഹ്‌റൈന്റെ സാമൂഹിക മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്നതായി നേതാക്കൾ അഭിപ്രായപ്പെട്ടു. കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് എ.പി. ഫൈസൽ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ ജില്ലാ ഭാരവാഹികളും വനിതാ വിംഗ് പ്രതിനിധികളും സന്നദ്ധസേവകരും പരിപാടികൾ ഏകോപിപ്പിച്ചു.
