കു­വൈ­ത്ത് പൊ­തു­മാ­പ്പ് : ഇന്ത്യൻ എംബസി­ അനു­വദി­ച്ചത് 11000 എമർ­ജൻ­സി­ സർ­ട്ടി­ഫി­ക്കറ്റ്


കുവൈത്ത് സിറ്റി : രാജ്യത്തെ അനധികൃത താമസക്കാർക്ക് നിയമനടപടികൾ കൂടാതെ രാജ്യം വിടാൻ കുവൈത്ത് സർക്കാർ അനുവദിച്ച പൊതുമാപ്പ് നാളെ അവസാനിക്കും. ഇതുവരെ 75000ത്തോളം പേർ പൊതുമാപ്പ് ആനുകൂല്ല്യം പ്രയോജനപ്പെടുത്തിയതായാണ് വിവരം. ഒന്നര ലക്ഷത്തിലേറെ വിദേശികൾ കുവൈത്തിൽ അനധികൃത താമസക്കാരായുണ്ടെന്നായിരുന്നു പൊതുമാപ്പിന്റെ തുടക്കത്തിൽ ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായി ഇന്ത്യൻ എംബസി അനുവദിച്ചത് 11,000 എമർജൻസി സർട്ടിഫിക്കറ്റുകളാണ്. ജനുവരി 29ന് ആരംഭിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് എമർജൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും അന്നുതൊട്ട് എംബസി സ്വീകരിച്ചു തുടങ്ങിയിരുന്നു. 

പൊതുമാപ്പ് നാളെ അവസാനിക്കാനിരിക്കെ എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നത് ഇന്നലെ അവസാനിപ്പിച്ചു. എമർജൻസി സർട്ടിഫിക്കറ്റ് സന്പാദിച്ച മുഴുവൻപേരും രാജ്യം വിട്ടുപോയോ എന്നതു വ്യക്തമല്ല. എമർജൻസി സർട്ടിഫിക്കറ്റ് സന്പാദിച്ചിട്ടും ചിലർ രാജ്യം വിട്ടുപോകാതിരുന്ന അനുഭവം മുൻ‌കാല പൊതുമാപ്പ് സമയങ്ങളിൽ ഉണ്ടായിട്ടുണ്ട്. എമർജൻസി സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തവരും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരായി ഉണ്ടാകും.

അത്തരക്കാരിൽ പലരും രാജ്യം വിട്ടുപോകുന്നതിനു പകരം നിയമാനുസൃതമുള്ള പിഴ നൽകി ഇഖാമ സാധുതയുള്ളതാക്കിയിട്ടുണ്ടാകും. എമർജൻസി സർട്ടിഫിക്കറ്റ് സന്പാദിച്ചവർ മുഴുവൻ രാജ്യംവിട്ടുപോയി എന്നു കണക്കാക്കിയാൽ തന്നെ അനധികൃത താമസക്കാരായി കുവൈത്ത് അധികൃതർ കണക്കാക്കിയിരുന്ന ഇന്ത്യക്കാരുടെ എണ്ണം പരിഗണിച്ചാൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണം 15,000ൽ താഴെയായിരിക്കും.

മുപ്പതിനായിരത്തോളം ഇന്ത്യക്കാർ അനധികൃത താമസക്കാരായി കുവൈത്തിലുണ്ടെന്നായിരുന്നു അധികൃതരുടെ കണക്ക്. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മൊത്തം ആളുകളുടെ എണ്ണവും അനധികൃത താമസക്കാരിൽ പകുതിയോളം ആകുന്നില്ല എന്നതാണ് ഇതുവരെ പുറത്തുവന്ന കണക്ക്. 25 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് മൂന്നുമാസം ദീർഘിപ്പിച്ചിട്ടും പ്രയോജനപ്പെടുത്തിയവരുടെ എണ്ണം കുറവാണ് എന്നത് വരുംനാളുകളിൽ വ്യാപകമായ പരിശോധനയ്ക്കു വഴിവയ‌്ക്കും. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനു പരിശോധനയും കർശന നടപടികളും ഉണ്ടാകുമെന്ന് അധികൃതർ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

You might also like

  • Straight Forward

Most Viewed